| Wednesday, 3rd September 2025, 9:56 am

സന്ന്യാസിയെ പോലെ; അയാളുടെ സംഗീതം നമ്മളില്‍ വികാരവും ആത്മാവും കൊണ്ടുവരും: ശ്രേയ ഘോഷാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സംഗീതപ്രേമികളെ ഏറെ അത്ഭുതപ്പെടുത്തിയ ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, ഒഡിയ, പഞ്ചാബി, മറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ അവര്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്.

2002, 2005, 2007, 2008, 2022 എന്നീ വര്‍ഷങ്ങളിലായി അഞ്ചുതവണ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ശ്രേയ സ്വന്തമാക്കി. ഇപ്പോള്‍ എ.ആര്‍. റഹ്‌മാനെ കുറിച്ചും ‘മുന്‍പേ വാ’ എന്ന ഹിറ്റ് തമിഴ് ഗാനത്തിനെ കുറിച്ചും പറയുകയാണ് ശ്രേയ ഘോഷാല്‍.

എ.ആര്‍. റഹ്‌മാന്‍ വളരെയധികം പ്രതിഭാശാലിയായ ഒരു സംഗീതജ്ഞനാണെന്നും അദ്ദേഹം ഒരു സന്ന്യാസിയെ പോലെയാണെന്നും ശ്രേയ പറയുന്നു. അദ്ദേഹത്തിന്റെ സംഗീതം നമ്മുടെയൊക്കെ ജീവിതങ്ങളില്‍ വികാരവും ആത്മാവും അര്‍ഥവും കൊണ്ടുവരുന്നുവെന്നും പതിറ്റാണ്ടുകളായി അദ്ദേഹമത് തുടര്‍ന്നു വരികയാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.

‘മുന്‍പേ വാ എന്ന പാട്ടുണ്ടായപ്പോള്‍ ഞാന്‍ അത്യന്തം ആവേശത്തിലായിരുന്നു. കാരണം അതിനുമുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എന്റെ പാട്ടിന്റെ സി.ഡികള്‍ അയച്ചു കൊടുക്കുമായിരുന്നു. അദ്ദേഹം എന്നെ ശ്രദ്ധിക്കണമെന്നും അവസരങ്ങള്‍ തരണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു.

‘മുന്‍പേ വാ’ പാട്ടിന് മുമ്പ് ഒന്നോ രണ്ടോ ഗാനങ്ങള്‍ അദ്ദേഹത്തിനായി പാടിയിരുന്നു. പക്ഷേ അവ വളരെ പ്രശസ്തമായിരുന്നില്ല. പക്ഷേ അതിനുശേഷം ‘മുന്‍പേ വാ’ ഉണ്ടായി. റെക്കോഡിങ് ചെയ്യുന്ന സമയത്തുതന്നെ ‘ഇതാണ് ആ എ.ആര്‍.ആര്‍ മാജിക് സോങ്’ എന്ന് ഞാന്‍ മനസില്‍ പറഞ്ഞിരുന്നു. കൂടാതെ ആ ഗാനത്തിന്റെ വരികള്‍ രചിച്ച വാലി സാറിനുവേണ്ടി പാടാനുള്ള ബഹുമതിയും എനിക്ക് ലഭിച്ചു,’ ശ്രേയ ഘോഷാല്‍ പറയുന്നു.

വാലിയുടെ എഴുത്ത് അത്രയും ആഴവും മധുരവും ഉള്ളതാണെന്നും പ്രണയം പോലുള്ള വികാരങ്ങളെ വ്യത്യസ്തമായും യഥാര്‍ഥമായും കാവ്യഭംഗിയോടെയും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്നും ഗായിക പറഞ്ഞു. ഈ മികച്ച കൂട്ടുകെട്ടിനുവേണ്ടി പാടാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു.

‘മുന്‍പേ വാ എന്ന പാട്ട് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ആദ്യമേ തോന്നിയിരുന്നെങ്കിലും അത് ഇത്രയും വലിയൊരു സംഭവമായിത്തീരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആ പാട്ടിന്റെ സംഗീത ക്രമീകരണവും അതിന്റെ ഈണവും സുന്ദരമായ വരികളും അത് ചിത്രീകരിച്ച രീതിയുമെല്ലാം കൂടി അതിനെ ഒരു പുതുമയുള്ള പ്രണയഗാനമാക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് ഒരു ക്ലാസിക്കായി തുടരുന്നു. 2006ലോ 2007ലോ ആണ് അത് റിലീസായതെന്ന് തോന്നുന്നു. പക്ഷേ, ഇന്നും ഞാന്‍ സ്റ്റേജില്‍ പാടുമ്പോള്‍ ജനങ്ങള്‍ തീവ്രമായി അതിനെ ആസ്വദിക്കുന്നത് കാണാം,’ ശ്രേയ ഘോഷാല്‍ പറയുന്നു.

Content Highlight: Shreya Ghoshal Talks About AR Rahman And Mumbe Vaa Song

We use cookies to give you the best possible experience. Learn more