| Saturday, 23rd August 2025, 2:07 pm

ആ സിനിമ വിജയിക്കാന്‍ കാരണങ്ങള്‍ ഒരുപാട്; എല്ലാവരോടും നന്ദി: ശ്രദ്ധ കപൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു സ്ത്രീ 2. ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് അമല്‍ കൗശികാണ്.

2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ച കൂടിയാണ് ഈ ചിത്രം. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍.

അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും വിജയ പരാജയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശ്രദ്ധ കപൂര്‍.

സ്ത്രീ 2 വിജയമായതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. പൊതുവേ ഹിന്ദി സിനിമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വളരെ നല്ലതായിരുന്നു. കൂടാതെ, ഇത്രയും നന്നായി പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ച, പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്‌നേഹം നേടിയ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം നന്ദിയുണ്ട്. സ്‌നേഹവും.

സത്യം പറഞ്ഞാല്‍, നന്നായി അഭിനയിച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍, സ്ത്രീ 2 വലിയൊരു വിജയമായി മാറി. എനിക്കെപ്പോഴും അംഗീകാരം എന്റെ പ്രിയപ്പെട്ടവരില്‍ നിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ട് ഞാന്‍ വളരെ നന്ദിയുള്ളവളാണ്,’ ശ്രദ്ധ കപൂര്‍ പറയുന്നു.

ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുകയും സന്തോഷവാനായിരിക്കുകയും ചെയ്യുന്നതാണ് തനിക്ക് വിജയമെന്നും തന്റെ വിജയം സമാധാനമാണെന്നും ശ്രദ്ധ കപൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ തന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും വളരെ ആത്മബന്ധമുള്ള വ്യക്തിയാണെന്നും നടി പറഞ്ഞു.

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ശ്രദ്ധ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

‘പരാജയം വിജയത്തിലേക്കുള്ള ഒരു പ്രധാന ചവിട്ടുപടിയാണ്. പരാജയമില്ലാതെ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയില്ല. വിജയത്തിലേക്ക് നേരിട്ട് നടന്നുകയറിയ ആരെയും എനിക്ക് അറിയില്ല. എപ്പോഴും എന്തെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാറുണ്ട്.

ആളുകള്‍ക്ക് മറികടക്കേണ്ടി വന്നിട്ടുള്ള എന്തെങ്കിലുമൊക്കെ കരിയറില്‍ ഉണ്ടാകും. പരാജയം ഒരു നെഗറ്റീവ് കാര്യമാണെന്ന് പലരും കരുതുന്നു. എന്നാല്‍ അതിന്റെ പോസിറ്റീവ് കാണാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ യാത്രയില്‍ അതിനെ വളര്‍ച്ചയുടെ പടിയാക്കി മാറ്റാന്‍ സാധിക്കും,’ ശ്രദ്ധ കപൂര്‍ പറഞ്ഞു.

ഫിലിം ഫെയര്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു ശ്രദ്ധ കപൂര്‍.

Content Highlight: Shradha Kapoor Talking about Stree 2 Success

We use cookies to give you the best possible experience. Learn more