| Saturday, 18th April 2015, 8:46 pm

എ.എ.പിയുടെ കാരണം കാണിക്കല്‍ നോട്ടീസ് തമാശയെന്ന് യോഗേന്ദ്ര യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്ക് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയെന്ന് പാര്‍ട്ടിയുമായി ഭിന്നാഭിപ്രായത്തില്‍ കഴിയുന്ന എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്. വാര്‍ത്തകള്‍ ചോര്‍ത്തുന്നു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്നും എന്നാല്‍ തനിക്ക് നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ നോട്ടീസിലെ വിഷയങ്ങള്‍ ചോര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അര്‍ദ്ധരാത്രിയാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതെന്നും പരാതിക്കാരും സാക്ഷികളും തന്നെയാണ് ജഡ്ജുകളെന്നും അദ്ദേഹം പറയുന്നു. “കഴിഞ്ഞ ദിവസം രാത്രി നോട്ടീസ് ലഭിച്ചു. തമാശ എന്തെന്നാല്‍ ഞങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചവര്‍ തന്നെയാണ് ജഡ്ജ് സീറ്റിലിരുന്ന് ഞങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ എന്ന് പരിശോധിക്കുന്നത്.” യാദവ് വ്യക്തമാക്കി.

“ആശിശ് ഖേദന്‍ തനിക്കും പ്രശാന്ത് ഭൂഷണും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ധാരാളം അഭിമുഖങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ന് അദ്ദേഹം തന്നെയാണ് ഞങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്. ഇത് തമാശയും പരിഹാസ്യകരമായ നീതിയുമാണ്.” അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ നേരത്തെ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്ന് സ്വാരാജ് സംവാദ് വിളിച്ചുകൂട്ടിയിരുന്നു.  യോഗത്തില്‍ ഇവരുവരും പാര്‍ട്ടീ നിലപാടിനെതിരെ സംസാരിച്ചുവെന്ന ആരോപണം ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more