| Tuesday, 11th March 2025, 10:27 am

സിനിമയിലെ മമ്മൂട്ടിയെയല്ല, സിനിമക്ക് പുറത്തുള്ള മമ്മൂക്കയെയായിരുന്നു അനുകരിക്കേണ്ടത്‌: ട്വിങ്കിള്‍ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിസ്റ്ററി ക്രൈം ഴോണറില്‍ പുറത്തിറങ്ങി 2025ലെ വമ്പന്‍ വിജയമായി തീര്‍ന്ന ചിത്രമാണ് രേഖാചിത്രം. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത് ആസിഫ് അലി, അനശ്വര രാജന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് കൂടിയായിരുന്നു.

സിനിമയുടെ ഒ.ടി.ടി റിലീസോടെ, മമ്മൂട്ടിയുടെ എ.ഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ച രംഗം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സിനിമയില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത് ഇന്‍സ്റ്റാഗ്രം വീഡിയോ ക്രിയേറ്റര്‍ ട്വിങ്കിള്‍ സൂര്യയാണ്. മമ്മൂട്ടിയുടെ റീക്രിയേഷന്‍ വീഡിയോകളിലൂടെയും മറ്റും, ട്വിങ്കിള്‍ സൂര്യ മുമ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.

30 ദിവസത്തോളം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് താന്‍ മമ്മുട്ടിയായി അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ നടത്തവും മറ്റ് മാനറിസങ്ങളും മനസിലാക്കുന്നതിനായി പഴയകാല വീഡിയോസും ഇന്റര്‍വ്യുകളും ഒരുപാട് കണ്ടിരുന്നുവെന്നും അദേഹം പറയുന്നു.

മമ്മുട്ടിയെ പോലെയൊരു മെഗാസ്റ്റാറിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ ഒട്ടും ഭംഗി നഷ്ടപ്പെടാതെയും അദേഹത്തിന്റെ പെരുമാറ്റങ്ങളില്‍ മാറ്റം വരാതെയും ചെയ്യണമെന്നുള്ളത് നിര്‍ബന്ധമായിരുന്നുവെന്നും ട്വിങ്കിള്‍ സൂര്യ പറയുന്നു. തനിക്ക് മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചത് അരുണ്‍ പെരുമ്പയെന്ന പരിശീലകനും എ.ഐ ടീമും ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘മമ്മൂക്ക എങ്ങനെയാണോ ചെയ്യുന്നത് അങ്ങനെ തന്നെ ചെയ്യണമായിരുന്നു. അദ്ദേഹത്തിന്റെ ചേഷ്ടകളും മറ്റും മനസിലാക്കുന്നതിനായി ഒരുപാട് വീഡിയോസ് അരുണും ഞാനും ഒരുമിച്ച് കണ്ടിരുന്നു. ഒരു സിനിമ കണ്ടിട്ട് ആ സിനിമയിലെ പോലെ അനുകരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സിനിമക്ക് പുറത്തുളള മമ്മൂക്കെയെയാണ് അനുകരികരിക്കേണ്ടിയിരുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മമ്മൂക്കയുടെ നടത്തമായിരുന്നു. പ്രൊഫഷണല്‍ നാടകങ്ങള്‍ ഒരുപാട് ചെയ്തുള്ള പരിചയം കൊണ്ട് ആളുകളുടെ മുമ്പില്‍ പ്രസന്റ് ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ മമ്മൂട്ടി സാറിനെ പോലെയൊരു മെഗാസറ്റാറിനെ അവതരിപ്പിപ്പിക്കുമ്പോള്‍ അതേ ലെവലില്‍ ഒട്ടും കൂടാതെ എന്നാല്‍ കുറയാതെ ചെയ്യണമായിരുന്നു.

കാരണം അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. അതില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ മൊത്തം നാണക്കേടാകും,’ട്വിങ്കിള്‍ സൂര്യ പറഞ്ഞു.

content highlights: Shouldn’t have emulated Mammootty in the film, Mammooka outside the film: Twinkle Suriya

Latest Stories

We use cookies to give you the best possible experience. Learn more