| Friday, 6th March 2026, 7:35 pm

ഇറാന്‍ പരമാധികാരം മുറുകെ പിടിക്കും; സംഘര്‍ഷത്തിന് തിരികൊളുത്തിയവരോടാണ് സംസാരിക്കേണ്ടത്: മധ്യസ്ഥരോട് പെസസ്‌കിയാന്‍

അനിത സി

ടെഹ്‌റാന്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കാനായി നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചില രാഷ്ട്രങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ചര്‍ച്ച നടത്തുന്നവര്‍ ഇറാന്‍ ജനതയെ വിലകുറച്ച് കണ്ടവരേയും സംഘര്‍ഷത്തിന് തിരികൊളുത്തിയവരെയുമാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് പെസസ്‌കിയാന്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

‘ചില രാഷ്ട്രങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് ഇറാന്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ രാജ്യത്തിന്റെ അന്തസും പരമാധികാരവും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഇറാനിയന്‍ ജനതയെ വിലകുറച്ചുകാണുകയും സംഘര്‍ഷത്തിന് തിരികൊളുത്തുകയും ചെയ്തവരെ മധ്യസ്ഥതയിലൂടെ അഭിസംബോധന ചെയ്യണം’, പെസസ്‌കിയാന്‍ എക്‌സില്‍ കുറിച്ചു.

ശനിയാഴ്ചയാണ് യു.എസും ഇസ്രഈലും സംയുക്തമായി ഇറാനില്‍ ആക്രമണം ആരംഭിച്ചത്. തിരിച്ചടിയില്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനും വ്യോമാക്രമണം നടത്തി.

സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കന്‍-ഇസ്രഈല്‍ സൈന്യങ്ങള്‍ സംയുക്തമായി ഇറാനിലെ വിവിധയിടങ്ങളില്‍ കനത്ത ആക്രമണം തുടരുകയാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ യു.എസ് സേന പുറത്തുവിട്ടു.

ഇറാനിലെ ടെഹ്‌റാനും ഇസ്ഫഹാനും ലക്ഷ്യമാക്കി ഇസ്രഈല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഇറാനിലെ ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെ ആക്രമണ തരംഗം നടത്തുകയാണെന്ന് ഇസ്രഈല്‍ സേന എക്‌സിലൂടെ അറിയിച്ചു. 15ാം വ്യോമാക്രമണമെന്നാണ് ഇസ്ഫഹാനിലെ ഓപ്പറേഷനെ ഇസ്രഈല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇസ്രഈലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് പ്രത്യാക്രമണം തുടരുകയാണെന്ന് ഐ.ആര്‍.ജി.സിയും അറിയിച്ചു.

അതേസമയം, ഇറാനില്‍ സംഘര്‍ഷത്തില്‍ ഇതുവരെ 1332 പേര്‍ കൊല്ലപ്പെട്ടുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 2000ലേറെ ആളുകള്‍ ചികിത്സയിലാണെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Iran will hold on to its sovereignty; should talk to those who ignite the conflict: Pezeshkian to mediators

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more