| Thursday, 27th November 2014, 12:40 pm

ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എ.പി.എല്ലില്‍ നിന്ന് പുറത്താക്കണമെന്ന് സുപ്രീം കോടതി നിരീക്ഷണം. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ, ബി.സി.സി.ഐ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ ശ്രീനിവാസന്‍ ഒരുമിച്ച് വഹിക്കുന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥന്‍ ആരെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശ്രീനിവാസന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള വാദത്തിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. മെയ്യപ്പനാണ് ടീമിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും കോടതി പറഞ്ഞു.

ബി.സി.സി.ഐ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അംഗീകാരം റദ്ദാക്കിയില്ലെന്നും കോടതി ചോദിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ശ്രീനിവാസന് എത്ര ശതമാനം ഓഹരികളുണ്ടെന്നും, ടീമിന്റെ ഘടനയും, ആര്‍ക്കൊക്കെയാണ് ഓഹരികള്‍ ഉള്ളതെന്നും വെളിപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുനാഥ്‌ മെയ്യപ്പനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ടീമിന്റെ ഭൂരിഭാഗം ഓഹരികളും കൈപ്പറ്റുന്നയാള്‍ തന്നെയാണ് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നതെന്നും കോടതി പറഞ്ഞു.

ശ്രീനിവാസനെ സംരക്ഷിക്കുക എന്ന നിലപാടായിരിക്കും ബി.സി.സി.ഐ കൈക്കൊള്ളുക. ബി.സി.സി.ഐയുടെ തലപ്പത്ത് ഇരിക്കുന്നവരില്‍ പലരും ശ്രീനിവാസന് വേണ്ടപ്പെട്ടവരാണ്. എന്നാല്‍ ശ്രീനിവാസനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ചെയ്യും. സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ ബി.സി.സി.ഐയെ പ്രതിരോധത്തിലാക്കും.

Latest Stories

We use cookies to give you the best possible experience. Learn more