| Saturday, 17th October 2026, 12:51 pm

'പഴയതൊക്കെ ഞാന്‍ മറക്കണോ...എന്തൊക്കെയാടോ മറക്കേണ്ടത്?'; പിണറായിക്ക് സൗജന്യം നല്‍കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ കലാപം

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച മൃദുസമീപനത്തിനെതിരെ കോൺഗ്രസിനകത്ത് സംഘർഷം രൂക്ഷമാകുന്നു.

സ്വന്തം സർക്കാരിനെ പരസ്യമായി വിമർശിക്കുന്നതിന് കെ.പി.സി.സി ഏർപ്പെടുത്തിയ വിലക്ക് തള്ളിക്കളഞ്ഞ് പാർട്ടിയിലെ യുവനേതാക്കൾ ഓരോരുത്തരായി പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.

മാത്യു കുഴൽനാടൻ തുടക്കമിട്ട വിമർശനം ജിന്റോ ജോണും വി.ആർ. അനൂപും ഏറ്റെടുത്തതിനു പിന്നാലെ, ഗോഡ്ഫാദറിലെ പ്രശസ്തമായ ‘അഞ്ഞൂറാൻ’ ഡയലോഗ് പങ്കുവെച്ച് സി.ആർ. മഹേഷും പരസ്യപ്പോരിലേക്ക് കടന്നു.

ഉമ്മൻചാണ്ടിയോട് രാഷ്ട്രീയ വൈരാഗ്യത്തോടെ പെരുമാറുകയും സോളാർ കേസ് സി.ബി.ഐക്ക് വിടുകയും ചെയ്ത പിണറായി വിജയനോട് കോൺഗ്രസ് സർക്കാർ എന്തിന് മൃദുസമീപനം കാട്ടുന്നുവെന്ന ചോദ്യമാണ് നേതാക്കൾ ഉയർത്തുന്നത്. ‘മറക്കണോ പഴയതൊക്കെ ഞാൻ മറക്കണോ… എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്?’ എന്ന അഞ്ഞൂറാന്റെ സിനിമാ ഡയലോഗ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് സി.ആർ. മഹേഷ് എം.എൽ.എ പ്രതിഷേധം വ്യക്തമാക്കിയത്. ‘തൽക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ’ എന്ന അടിക്കുറിപ്പോടെയാണ് മഹേഷ് വീഡിയോ പങ്കുവെച്ചത്.

പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്ക് നീതി ലഭിച്ചില്ലെന്ന് ഏത് കോൺഗ്രസുകാരനും ബോധ്യപ്പെട്ടതാണെന്ന് കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ് തുറന്നടിച്ചു.

സർക്കാരിനെ വിമർശിക്കരുതെന്ന കെ.പി.സി.സി നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും, മുൻകാലങ്ങളെ ഓർമിപ്പിച്ച് നേതൃത്വത്തെ അദ്ദേഹം വിമർശിച്ചു.

‘ഉമ്മൻചാണ്ടി ഭരിച്ച സമയത്ത് ഈ പാർട്ടിയുടെ മുഖമായി മാധ്യമങ്ങളിൽ വന്നിരുന്ന ആളുകൾ ഇത്തരം നിയന്ത്രണങ്ങൾ പാലിച്ചിരുന്നോ എന്നൊരു ചോദ്യം മുൻകാല പ്രാബല്യത്തോടെ നിലവിലുണ്ട്. ഇതൊക്കെ ദൈവം കാണുന്നുണ്ട്. നെഹ്റു ദൈവത്തിൽ വിശ്വസിച്ചിരുന്നില്ലെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്ന നെഹ്റൂവിയൻ സോഷ്യലിസ്റ്റുകൾ ഉണ്ടല്ലോ, ദൈവം ഇതൊക്കെ കാണുന്നുണ്ട്’അദ്ദേഹം പറഞ്ഞു.

വി.ആർ അനൂപിന്റെ പരാമർശം വി.ഡി സതീശനെകുറിച്ചാണ് എന്നതാണ് മാധ്യമങ്ങളിൽ ഉയർന്നുവരുന്ന ചർച്ചകൾ.

പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെക്കുറിച്ച് പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിശദീകരണം നൽകിയിരുന്നു. എന്നാൽ നേതൃത്വത്തിന്റെ ന്യായീകരണം തള്ളിക്കളഞ്ഞ് എം.എൽ.എമാരും യുവനേതാക്കളും ഇടഞ്ഞുനിൽക്കുകയാണ്.

കെ. കരുണാകരന്റെ കാലത്തെ ചാരക്കേസ് വിവാദം മുതൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടം വരെ സ്വന്തം പാർട്ടിയുടെ നേതാക്കൾ പരസ്യമായി സർക്കാരിനെതിരെ പോർവിളിച്ച പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ വിലക്കിനെ യുവനിര വെല്ലുവിളിക്കുന്നത്.

ഉമ്മൻചാണ്ടിയെ വേട്ടയാടിയ പിണറായിയോട് സർക്കാർ സന്ധിചെയ്യുന്നുവെന്ന വികാരം പാർട്ടി അണികളിലും ശക്തമായതോടെ വരുംദിവസങ്ങളിൽ പോര് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

Content Highlight:‘Should I forget everything from the past… exactly what am I supposed to forget?’; Uproar within the Congress over allegations that ‘concessions’ are being extended to Pinarayi.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more