ന്യൂദല്‍ഹി: വന്ദേമാതരത്തിന്ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ ബഹുമാനവും നിയമ പരിരക്ഷയും നല്‍കുന്നതിനായുള്ള നടപടികള്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. വന്ദേമാതരം ആലപിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായ നിശ്ചയിക്കാനായി ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു.
ദേശീയ ഗാനത്തെ അപമാനിക്കുന്നത് 1971-ലെ നിയമപ്രകാരം ശിക്ഷാര്‍ഹമാണെങ്കിലും വന്ദേമാതരത്തിന് നിലവില്‍ ഇത്തരം കര്‍ശനമായ നിയമ പരിരക്ഷയില്ല. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി നടപ്പിലാക്കാനാണ് ആലോചന.
നിലവില്‍ ദേശീയഗാനത്തെ അപമാനിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാം. ഇതേ ശിക്ഷാ നിയമം വന്ദേമാതരത്തിനും ബാധകമാക്കുന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ന് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് വന്ദേമാതരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ ഉയരുന്നത്.
ഭരണഘടന വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് ഇതിന് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം അടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം വേഗത്തിലാക്കുന്നത്.
ഭരണഘടനയുടെ 51A(a) വകുപ്പില്‍ ഭേദഗതി വരുത്തി, ദേശീയ ഗാനത്തോടൊപ്പം വന്ദേമാതരത്തെയും ആദരിക്കുന്നത് ഓരോ പൗരന്റെയും മൗലിക കടമയായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് നേരത്തെ ബി.ജെ.പി ചര്‍ച്ചകള്‍ കൊണ്ടുവന്നിരുന്നു
ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാര്‍ഹമായി മാറും. വന്ദേമാതരം ആലപിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് വിവിധ മന്ത്രലയവുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇത്തരം ചര്‍ച്ചകള്‍ യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ദേശീയതയെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സഭയില്‍ അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരം വൈകാരിക വിഷയങ്ങള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
content highlight: Should disrespect to Vande Mataram attract penalties like national anthem?