| Wednesday, 11th March 2026, 3:37 pm

പാചകവാതകത്തിന്റെ ലഭ്യതക്കുറവ്, വില വര്‍ധനവ്; കേന്ദ്രത്തോട് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

രാഗേന്ദു. പി.ആര്‍

കൊച്ചി: പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങള്‍ക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കയാണ് ഉയരുന്നത്. ഗാര്‍ഹിക കണക്ഷനുകളുടെ ബുക്കിങ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയത് സ്ഥിതിഗതികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടുന്ന സേവനമേഖലയെ പോലും ബാധിക്കുമെന്ന ആശങ്കയുണ്ട്. ജില്ലകള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.

ഗ്യാസ് ലഭ്യതയില്‍ തടസം തുടരുകയാണെങ്കില്‍ പല സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യാപാരരംഗത്തിന്റെ മുന്നറിയിപ്പെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റമദാന്‍ മാസമായതിനാല്‍ കുടുംബങ്ങളുടെ പാചകവാതക ആവശ്യം വര്‍ധിക്കുന്ന സമയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യമായ എല്‍.പി.ജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായാല്‍ ബജറ്റ് വിഭവങ്ങളില്‍ നിന്ന് സബ്‌സിഡി നല്‍കി ഒരു സംരക്ഷണ സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്ധനക്ഷാമം മുന്നില്‍ക്കണ്ട് എല്‍.പി.ജി വിതരണം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. റീഫില്ലിങ്ങിന്റെ കാലാവധി 27 ദിവസമാക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായി. നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

Content Highlight: Shortage of cooking gas, price hike; CM seeks urgent intervention from the Centre

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more