| Thursday, 12th May 2016, 10:30 pm

പച്ചക്കറി മാത്രം കഴിച്ചാല്‍ ആയുസ്സ് കുറയുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാംസാഹാരം ആരോഗ്യത്തിന് ഹാനികരമെന്ന് പറഞ്ഞ് പച്ചക്കറിയെ ആശ്രയിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അതായത്, വെജിറ്റേറിയനിസ്റ്റുകള്‍ അഥവാ പച്ചക്കറി കഴിക്കുന്നവര്‍ വേഗം മരിക്കുമെന്നും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുകയെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സസ്യഭുക്കുകള്‍ക്ക് മാസഭുക്കുകളെ അപേക്ഷിച്ച് ജീവിതനിലവാരം താഴെയാണെന്നും പഠനത്തില്‍ പറയുന്നു. സസ്യഭുക്കുകള്‍ക്ക് മാംസഭുക്കുകളെ അപേക്ഷിച്ച് മാനസിക രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും പഠനത്തിലുണ്ട്.

ഗ്രാസ് സര്‍വകലാശാലയാണ് ഗവേഷണം നടത്തിയത്. ഓസ്ട്രിയന്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. 1,320 പേരെ 330 പേര്‍ അടങ്ങുന്ന നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു സര്‍വേ. വയസ്, ലിംഗം, സാമൂഹികസാമ്പത്തിക ഘടകങ്ങള്‍, വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പുകവലി തുടങ്ങിയ ശീലങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഗ്രൂപ്പാക്കി തിരിച്ചത്. ഇവരുടെ ഭക്ഷണരീതി മാത്രമായിരുന്നു വ്യത്യസ്തം.

മാംസം കഴിക്കുന്നവര്‍, പച്ചക്കറി മാത്രം കഴിക്കുന്നവര്‍, പച്ചക്കറിയും മാംസവും കഴിക്കുന്നവര്‍, വല്ലപ്പോഴും മാംസം കഴിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം. പഠനത്തില്‍ കണ്ടത് ഇങ്ങനെ. മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് പച്ചക്കറി കഴിക്കുന്നവര്‍ക്ക് അലര്‍ജികള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമാണെന്ന് കണ്ടെത്തി. കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത 166 ശതമാനമാണ്. 18 വ്യത്യസ്തതരം സാംക്രമിക രോഗങ്ങളില്‍ 14 എണ്ണവും പച്ചക്കറി കഴിക്കുന്നവരില്‍ ഉണ്ടാകാനും ഇടയാക്കും. അസ്ഥിക്ഷയം, പ്രമേഹം, ആസ്ത്മ എന്നീ രോഗങ്ങളും ഉണ്ടാക്കും. മാത്രമല്ല ഇത്തരക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത 150 ശതമാനമാണ്. വിഷാദരോഗം, ആശങ്ക എന്നിവയ്ക്കും സാധ്യത കൂടുതലാണ്.

We use cookies to give you the best possible experience. Learn more