| Sunday, 30th August 2026, 3:30 pm

കണ്ണില്‍ പായസമൊഴിച്ച് കാത്തിരുന്ന ഷോര്‍ട്ട് ഫിലിം... അബ്‌സല്യൂട്ട് അയ്യപ്പാ; ജോയലിന്റെ സാത്തുക്കുടി പ്രണയം പുറത്തുവിട്ട് ബെത്‌ലഹേം ടീം

അമര്‍നാഥ് എം.

170 കോടിയും കടന്ന് കുതിക്കുകയാണ് നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഓണം റിലീസുകള്‍ക്കിടയില്‍ വിജയിയായി മാറി. അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച പോര്‍ഷനുകളിലൊന്നാണ് ജോയലിന്റെ ഷോര്‍ട്ട് ഫിലിം മേക്കിങ്. സംഗീത് അവതരിപ്പിച്ച ജോയല്‍ സിനിമയിലുടനീളം ഒരു ഷോര്‍ട്ട് ഫിലിമിന്റെ പിന്നാലെ നടക്കുന്നതായാണ് കാണിക്കുന്നത്. സോള്‍മേറ്റ്‌സ് എ സാത്തുക്കുടി പ്രണയം എന്നാണ് ഷോര്‍ട്ട് ഫിലിമിന് നല്‍കിയിരിക്കുന്ന പേര്. ഹീറോ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ കഥാപാത്രത്ത അനുകരിച്ചുകൊണ്ട് നടക്കുന്ന ജോയലിന്റെ ഓരോ പ്രവൃത്തികളും ചിരിയുണര്‍ത്തുന്നുണ്ട്.

ഇപ്പോഴിതാ ജോയലിന്റെ വിശ്വവിഖ്യാതമായ ഷോര്‍ട്ട്ഫിലിം പുറത്തുവന്നിരിക്കുകയാണ്. മലയാളസിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള മാര്‍ക്കറ്റിങ് രീതിയാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് പരിചയപ്പെടുത്തിയിരിക്കുന്നത്. സിനിമക്കുള്ളിലെ സിനിമകള്‍ പ്രമേയമായി പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും ആ സിനിമ ഒരിക്കലും പ്രേക്ഷകര്‍ക്ക് മുഴുവനായി കാണാന്‍ സാധിച്ചിട്ടില്ല. ഈയൊരു ക്ലീഷേയെ സാത്തുക്കുടി പ്രണയം തകര്‍ത്തിരിക്കുകയാണ്.

സോള്‍മേറ്റ്‌സ് എ സാത്തുക്കുടി പ്രണയം Photo: Screen grab/ Bhavana Studios

സമീപകാലത്ത് പുറത്തിറങ്ങുന്ന പല ഷോര്‍ട്ട് ഫിലിമുകളെയും സ്പൂഫ് രീതിയില്‍ വറുത്തെടുക്കുകയാണ് ജോയലിന്റെ സോള്‍മേറ്റ്‌സ്. ബ്രേക്കപ്പ്, പ്രണയം, ടോക്‌സിക് റിലേഷന്‍ഷിപ്പ്, ഗോസ്റ്റിങ് തുടങ്ങി പല കാര്യങ്ങളെയും സ്പൂഫായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമാചരിത്രത്തില്‍ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിമിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് കാഴ്ചകള്‍ ഫീച്ചര്‍ ഫിലിമായി കാണിച്ചു എന്ന നേട്ടവും ഭാവന സ്റ്റുഡിയോസിന്റെ പേരിലാണ്.

നടാഷ- കാര്‍ത്തിക് പ്രണയവും സിനിമയെടുക്കാന്‍ നടക്കുന്ന കാര്‍ത്തിക്കിന്റെ കഷ്ടപ്പാടും സീരിയസായിട്ടാണ് എടുത്തതെങ്കിലും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുകയാണ്. ഓരോ ഡയലോഗും ഫ്രെയിമും പക്കാ സ്പൂഫ് ഐറ്റമാണ്. ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്ന കമന്റുകളും ഗംഭീരമാണ്. നിവിന്‍ പോളി, മമിത ബൈജു, സംഗീത് എന്നിവരുടെ കാമിയോയും കിടിലനാണ്.

സോള്‍മേറ്റ്‌സ് എ സാത്തുക്കുടി പ്രണയം Photo: Screen grab/ Bhavana Studios

‘കണ്ണില്‍ പായസമൊഴിച്ച് കാത്തിരുന്ന ഷോര്‍ട്ട് ഫിലിം’, ‘ആ പാവം ജസ്റ്റിന്‍ ചേട്ടന്റെ പൈസ കളഞ്ഞത് ഈ ക്രിഞ്ച് ഐറ്റം എടുക്കാനായിരുന്നോ’, ‘ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന്റെ പേരില്‍ സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്ന പാവം സായൂജ്യ’ എന്നിങ്ങനെ ബെത്‌ലഹേമുമായി കണക്ട് ചെയ്യുന്ന ധാരാളം കമന്റുകള്‍ ശ്രദ്ധ നേടുന്നുണ്ട്.

Content Highlight: Short film shown in Bethlehem Kudumba Unit released on YouTube

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more