| Thursday, 27th November 2025, 8:46 am

വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്: പ്രതി അഫ്ഗാന്‍ സ്വദേശി; കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപത്തുണ്ടായ വെടിവെപ്പില്‍ നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ 29കാരനാണ് വെടിവെപ്പ് നടത്തിയതെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റഹ്‌മാനുള്ള ലക്ന്‍വാള്‍ എന്നയാളാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.

സംഭവത്തിന് പിന്നാലെ കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.

കുടിയേറ്റക്കാരെ നാടുകടത്താനുള്ള തന്റെ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഇരട്ടിയാക്കുമെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കും.

നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഭീകരപ്രവൃത്തിയാണെന്ന് ട്രംപ് വീഡിയോയിലൂടെ പ്രതികരിച്ചു. അഫ്ഗാന്‍ ഒരു നരകമാണെന്നും ആക്രമണം മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമാണെന്നും ട്രംപ് പറഞ്ഞു.

സംഭവത്തില്‍, മുന്‍പ്രസിഡന്റ് ജോ ബൈഡനെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. 2021 സെപ്റ്റംബറില്‍ ബൈഡന്‍ ഭരണകൂടം പ്രതിയെ വിമാനത്തില്‍ യു.എസിലേക്ക് കൊണ്ടുവന്നുവെന്ന് ട്രംപ് പറഞ്ഞു.

‘ബൈഡന്റെ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും രാജ്യത്തെത്തിയ ഓരോ അന്യഗ്രഹജീവിയെയും വീണ്ടു പരിശോധനയ്ക്ക് വിധേയമാക്കും,’അദ്ദേഹം പറഞ്ഞു.

യു.എസ് പിന്മാറുകയും 2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേറുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരെ യു.എസ് സ്വാഗതം ചെയ്തിരുന്നു. ഓപ്പറേഷന്‍ ആലിസ് വെല്‍ക്കം (operation allies welcome) എന്ന് പേരിട്ട ഈ പദ്ധതിയുടെ സമയത്ത് അമേരിക്കയിലെത്തിയയാളാണ് പ്രതിയെന്നാണ് സൂചന.

അതേസമയം, വൈറ്റ് ഹൗസിന് സമീപത്തെ വെടിവെപ്പിന് പിന്നാലെ വാഷിങ്ടണില്‍ 500 നാഷണല്‍ ഗാര്‍ഡ് സൈനികരെ കൂടി വിന്യസിച്ചു.

Content Highlight: Shooting in front of the White House: Suspect is from Afghanistan; Trump says will deport immigrants

We use cookies to give you the best possible experience. Learn more