| Friday, 18th April 2025, 9:33 am

ഫ്‌ളോറിഡ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റ് ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

വെടിവെപ്പില്‍ മരണപ്പെട്ടവര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളല്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംശയാസ്പദമായി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.

അതേസമയം വ്യാഴാഴ്ച യു.എസ് സമയം ഉച്ചയോടെയാണ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ് ഉണ്ടായത്. പിന്നാലെ ആംബുലന്‍സുകള്‍, ട്രക്കുകള്‍, പെട്രോളിങ് വാഹനങ്ങള്‍ എന്നിവ ക്യാമ്പസിലേക്ക് എത്തുകയും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സ്ഥലത്ത് നിന്നും മാറ്റുകയുമായിരുന്നു.

അതേസമയം വെടിവെപ്പിനെ കുറിച്ച് തനിക്ക് പൂര്‍ണമായി വിവരം ലഭിച്ചിരുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ഭയാനകമായ കാര്യമാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും നടക്കാന്‍ പാടില്ലെന്നും ട്രംപ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി ലൈബ്രറിക്കുള്ളില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വെടിവെപ്പിന് പിന്നാലെ യൂണിവേഴ്‌സിറ്റി ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്. ക്യാമ്പസില്‍ അടിയന്തര മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റികള്‍, ജീവനക്കാര്‍ തുടങ്ങിയവരോടെല്ലാം ക്യാമ്പസില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Shooting at Florida University; Two killed, six in critical condition

Latest Stories

We use cookies to give you the best possible experience. Learn more