| Friday, 12th September 2025, 10:59 pm

ബോളിവുഡ് നടി ദിഷാ പഠാനിയുടെ വീടിന് നേരെ വെടിവെപ്പ്; സനാതന ധര്‍മ്മത്തെ അപമാനിച്ചതിനുള്ള മറുപടിയെന്ന് ഗ്യാങ്സ്റ്റര്‍ രോഹിത്, ഗോള്‍ഡി ബ്രാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബോളിവുഡ് നടി ദിഷ പഠാനിയുടെ ഉത്തര്‍പ്രദേശിലെ വീടിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുണ്ടാസംഘമായ രോഹിത് ഗോദ്‌ര-ഗാള്‍ഡി ബ്രാര്‍ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹിന്ദു ആത്മീയ നേതാക്കളായ പ്രേമാനന്ദ് മഹാരാജ്, അനിരുദ്ധാചാര്യ മഹാരാജ് എന്നിവരെ നടിയും കുടുംബവും അവഹേളിച്ചുവെന്നും അതിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്നും രോഹിത്-ഗോള്‍ഡി ഗ്രൂപ്പ് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.

ഇത് നടിക്ക് മാത്രമല്ല മറ്റ് കലാകാരന്മാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു.ആരെങ്കിലും തങ്ങളുടെ മതത്തെ അവഹേളിച്ചാല്‍ ക്ഷമിക്കില്ലെന്നും ഇനിയും നടി മതത്തോട് അനാദരവ് കാണിച്ചാല്‍ അവരുടെ വീട്ടില്‍ ആരും തന്നെ ജീവനോടെ ബാക്കിയാകില്ലെന്നും ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റില്‍ ഭീഷണിപ്പെടുത്തി.  ഈ കുറിപ്പ് പോലീസ് നിരീക്ഷിച്ചുവരികയാണ്.

ബോളിവുഡ് നടി ദിഷ പഠാനിയും സഹോദരി ഖുശ്ബു പഠാനിയും

നേരത്തെ, ദിഷ പഠാനിയുടെ സഹോദരി ഖുശ്ബു പഠാനി സ്ത്രീകളെയും ലിവ്-ഇന്‍ ബന്ധങ്ങളെയും വിമര്‍ശിച്ച ആത്മീയ നേതാവ് അനിരുദ്ധാചാര്യയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

രണ്ട് റൗണ്ട് വെടിവെപ്പാണ് ബറേലിയിലെ നടിയുടെ വീടിന് നേരെയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 4.30ഓടെയായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു.

വെടിവെപ്പിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്:

‘എല്ലാ സഹോദരങ്ങള്‍ക്കും ജയ് ശ്രീരാം. ഞാന്‍, വീരേന്ദ്ര ചരണ്‍, മഹേന്ദ്ര ശരണ്‍ (ഡെലാന). സഹോദരങ്ങളേ, ഇന്ന് ഖുശ്ബു പഠാനി/ദിഷ പഠാനി (ബോളിവുഡ് നടി) എന്നിവരുടെ വീട്ടില്‍ (വില്ല നമ്പര്‍ 40, സിവില് ലൈന്‍സ്, ബറേലി, യുപി) ഞങ്ങള്‍ വെടിവയ്പ്പ് നടത്തി. അവരിരുവരും നമ്മുടെ ആദരണീയരായ സന്യാസിമാരെ (പ്രേമാനന്ദ് ജി മഹാരാജ്, അനിരുദ്ധാചാര്യ ജി മഹാരാജ്) അവഹേളിച്ചു. നമ്മുടെ സനാതന ധര്‍മ്മത്തെ അപമാനിക്കാനാണ് അവര്‍ ശ്രമിച്ചത്.

ഇതൊരു ട്രെയിലര്‍ മാത്രമായിരുന്നു.  അടുത്ത പ്രാവശ്യം ദിഷയോ മറ്റാരെങ്കിലുമോ നമ്മുടെ മതത്തോട് അനാദരവ് കാണിച്ചാല്‍ അവരുടെ വീട്ടില്‍ ആരും ജീവനോടെ അവശേഷിക്കില്ല. നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല. 

ഈ സന്ദേശം അവര്‍ക്ക് മാത്രമല്ല, സിനിമാ വ്യവസായത്തിലെ എല്ലാ കലാകാരന്മാര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും കൂടിയാണ്.

ഭാവിയില്‍ നമ്മുടെ മതത്തിനും സന്യാസിമാര്‍ക്കുമെതിരെ ഇത്തരമൊരു അപമാനകരമായ പരാമര്‍ശം നടത്തുമ്പോള്‍ അതിന്റെ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയ്യാറെടുക്കണം.

നമ്മുടെ മതത്തെ സംരക്ഷിക്കാന് ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ മതവും സമൂഹവും ഒന്നാണ്, അവയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക കടമ’.

Content Highlight: Shooting at Bollywood actress Disha Patani’s house; Gangster Rohit, Goldie Brar say it’s a response to insulting Sanatana Dharma

We use cookies to give you the best possible experience. Learn more