ടെൽ അവീവ്: 2023 ഒക്ടോബർ മാസം മുതൽ തുടങ്ങിയ ഗസയിലെ വംശഹത്യയിൽ കാണുന്ന ഏതൊരു പുരുഷനെയും വെടിവച്ചുകൊള്ളാൻ തങ്ങൾക്ക് ഉത്തരവ് ലഭിച്ചിരുന്നതായി വെളിപ്പെടുത്തി ഇസ്രഈൽ സൈനികർ.
ചാനൽ 13 ന്റെ ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമിലൂടെയാണ് ഈ വിവരങ്ങൾ പുറത്തെത്തിയത്.
ഏത് പ്രായത്തിലുള്ള പുരുഷനായാലും യാതൊരു വിട്ടുവീഴ്ചയും കൂടാതെ അവനെ ഉടനെ വധിക്കുക എന്നതായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഉത്തരവെന്ന് ഇസ്രഈൽ സേനാംഗം പ്രോഗ്രാമിൽ വെളിപ്പെടുത്തി.
സ്ത്രീയോ കുട്ടിയോ ആണെങ്കിൽ സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനായിരുന്നു ഉത്തരവെന്നും സൈനികർ പറഞ്ഞു. കഴുതകളുടെ കാര്യത്തിലും സമാനമായ നിർദേശങ്ങളാണ് നൽകിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗസയിൽ വെച്ച് ഇസ്രഈൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇസ്രഈൽ ബന്ദിയുടെ അമ്മയായ ഐറിസ് ഹൈമിനോടാണ് സൈനികൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.
2023 ഡിസംബറിൽ ഗസ സിറ്റിയിലെ ഷുജയ്യയിൽ വെച്ച് മൂന്ന് ബന്ദികളെ ഇസ്രഈൽ സൈനികർ വെടിവെച്ചു കൊന്നു. മേൽവസ്ത്രം ധരിക്കാതെ സമാധാനത്തിന്റെ അടയാളമായ വെള്ളക്കൊടി വീശിക്കാണിച്ചിട്ടും തങ്ങൾ ഒരു ഭീഷണിയല്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും അവരെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.
ഈ സംഭവം ഗസയിൽ ഇസ്രഈൽ പിന്തുടരുന്ന സൈനിക നടപടിക്രമങ്ങൾക്കെതിരെ വ്യാപകമായ വിമർശനങ്ങൾക്കിടയാക്കി. വീടുകൾക്കും സഹായ വിതരണ കേന്ദ്രങ്ങൾക്കും ബഫർ സോണുകൾക്കും സമീപം ഫലസ്തീനികളെ പിന്തുടർന്ന് കൊലപ്പെടുത്തുന്നതിലേക്ക് ഈ നടപടികൾ നയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
താനാണ് ബന്ദികളിൽ ഒരാളെ വെടിവച്ച് കൊന്നതെന്ന് ചാനൽ 13 ന്റെ ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമിൽ പേരുവെളിപ്പെടുത്താത്ത ഒരു സൈനികൾ പറയുന്നുണ്ട്.
‘ഒരു ഭീകരവാദി എന്റെ നേർക്ക് വന്നാൽ, ഞാൻ അയാളെ കൊല്ലാനാണ് ശ്രമിക്കുന്നത് അല്ലാതെ അറസ്റ്റ് ചെയ്യാനല്ല,’ സൈനിക ആക്രമങ്ങളിൽ ഉൾപ്പെട്ട ബ്രിഗേഡ് കമാൻഡർ ഐറിസ് ഹൈമിനോട് പറഞ്ഞു.
ഈ ആക്രമണങ്ങൾക്കെല്ലാം ശേഷം ഇസ്രഈൽ സൈനിക മേധാവി ഇയാൽ സമീർ ആക്രമണങ്ങൾ നടത്തിയ കമാൻഡർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തിരുന്നു.
Content Highlight: Shoot on sight; Channel 13 exposes the atrocities of the genocide in Gaza