2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. വിജയത്തിന് പിന്നാലെ എ.സി.സി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) സെക്രട്ടറിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മൊഹസിന്‍ നഖ്‌വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
മാത്രമല്ല പ്രസന്റേഷന്‍ സമയത്ത് റണ്ണേഴ്സ് അപ്പിനുള്ള ചെക്ക് ഏറ്റവാങ്ങാന്‍ വന്ന പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ ചെക്ക് സ്വീകരിച്ച് വലിച്ചെറിയുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ട്രോഫിയുമായി നഖ്‌വി മടങ്ങുകയായിരുന്നു. മാത്രമല്ല മാച്ച് പ്രസന്റേഷന്‍ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ട്രോഫി കയ്യിലുള്ളതുപോലെ കാണിച്ച് നടന്ന് വന്നാണ് ടീമിനൊപ്പം വിജയം ആഘോഷിച്ചത്. ഇപ്പോള്‍ ഇന്ത്യ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ബൗളര്‍ ഷൊയ്ബ് അക്തര്‍.
ടൂര്‍ണമെന്റില്‍ വിജയിക്കാനും ട്രോഫി ഉയര്‍ത്താനുമാണ് കളിക്കാര്‍ എന്ത് കഷ്ടപ്പാടും സഹിക്കുന്നതെന്നും കഠിനാധ്വാനം നടത്തിയിട്ടും അവര്‍ ട്രോഫി വാങ്ങാന്‍ തയ്യാറാകാത്തത് നല്ലതല്ലെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തം രീതിയില്‍ വിജയം ആഘോഷിക്കാമെന്നും എന്നാല്‍ ഇത് അവരെ ഭാവിയില്‍ വേട്ടയാടുമെന്നും മുന്‍ താരം പറഞ്ഞത്.
‘കളിക്കാരുടെ മേലുള്ള സമ്മര്‍ദം, അവര്‍ നേരിട്ട ചൂട്, അവര്‍ നല്‍കിയ പരിശ്രമം എന്നിവയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഇതെല്ലാം ഒരു കാരണത്താലാണ് – ട്രോഫിയും ടൂര്‍ണമെന്റും നേടുക. എത്ര കഠിനാധ്വാനം ചെയ്തിട്ടും അവര്‍ ട്രോഫി വാങ്ങാന്‍ മുന്നോട്ട് വന്നില്ല. അവര്‍ക്ക് സ്വന്തം രീതിയില്‍ വിജയം ആഘോഷിക്കാന്‍ കഴിയും. പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് അവരെ വേട്ടയാടും. നിങ്ങള്‍ ട്രോഫി നേടി പരമാവധി നല്‍കി, പക്ഷേ ഒരിക്കലും അത് സ്വീകരിച്ചില്ല,’ ഷൊയ്ബ് അക്തര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ വിജയിച്ചിരുന്നു. മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യാത്തതും ഏറെ വിവാദമായിരുന്നു. യുദ്ധ സമാനമായ നാടകീയ രംഗങ്ങളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളില്‍ കാണേണ്ടി വന്നിരുന്നു. കൂടാതെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരകളായ കുടുംബങ്ങള്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിന് സമാനമായ രീതിയില്‍ പാക് ക്യാപ്റ്റനും നിലപാട് എടുത്തിരുന്നു.
Content Highlight: Shoib Aktar Criticize India Cricket Team