| Thursday, 2nd October 2025, 9:48 pm

കരൂര്‍ ദുരന്തത്തിന് തൊട്ടുമുമ്പ് വിജയ്ക്ക് നേരെ ചെരിപ്പേറ്; പിന്നില്‍ ഡി.എം.കെയെന്ന് ടി.വികെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂരിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് തൊട്ടുമുമ്പായി തമിഴക വെട്രി കഴകം അധ്യക്ഷനും സിനിമാതാരവുമായ വിജയ്ക്ക് നേരെ ചെരിപ്പേറ്. വിജയ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ വിജയ്ക്ക് നേരെ ചെരിപ്പെറിയുന്ന ദൃശ്യങ്ങള്‍ ടി.വി.കെയാണ് പുറത്തുവിട്ടത്.

ആസൂത്രിതമായാണ് ചെരിപ്പേറുണ്ടായതെന്നും ഡി.എം.കെയുടെ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നുമാണ് ടി.വി.കെയുടെ ആരോപണം. ഡി.എം.കെ നേതാവായ സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോഴാണ് ചെരിപ്പെറിഞ്ഞതെന്ന് ടി.വി.കെ ആരോപിച്ചു.

കരൂര്‍ ദുരന്തം സംബന്ധിച്ച കേസ് നാളെ (വെള്ളി) കോടതി പരിഗണിക്കാനിരിക്കെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചെരിപ്പ് വിജയിയുടെ ദേഹത്ത് പതിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിമാറ്റുന്നതും പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്.

അതേസമയം, കരൂര്‍ ദുരന്തത്തിന് പിന്നില്‍ ടി.വി.കെയാണെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ ഡി.എം.കെ സര്‍ക്കാരും മതിയായ സുരക്ഷ ഒരുക്കാത്ത പൊലീസുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്നാണ് ടി.വി.കെ ആരോപിക്കുന്നത്.

പ്രദേശത്ത് ശക്തമായ വേരുകളുള്ള ഡി.എം.കെ നേതാവ് സെന്തില്‍ ബാലാജിയുടെ അനുയായികള്‍ മനപൂര്‍വ്വം ദുരന്തമുണ്ടാക്കിയതാണെന്ന് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ടി.വി.കെ നേതൃത്വവും വിജയ്‌യും ആരോപിച്ചിരുന്നു.

അതേസമയം, കരൂര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ടി.വി.കെ ആവശ്യപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നത ഉയര്‍ന്നിരിക്കുകയാണ്. ടി.വി.കെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദും ആദവ് അര്‍ജുനയും വ്യത്യസ്തമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്.

തമിഴ്‌നാട് സര്‍ക്കാര്‍ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളെടുക്കുക. വിജയ്‌യെ നിലവില്‍ കസ്റ്റഡിയിലെടുക്കേണ്ടെന്നാണ് എം.കെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നിലപാട്. കരൂര്‍ ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

Content Highlight: Shoe thrown at Vijay just before Karur tragedy; TVK says DMK behind it

We use cookies to give you the best possible experience. Learn more