| Monday, 6th October 2025, 11:10 pm

ഗവായ്‌ക്കെതിരായ ചെരുപ്പേറ്; ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് ഈ സമൂഹത്തില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂവെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നമ്മുടെ സമൂഹത്തില്‍ ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്നും അഭിഭാഷകന്റെ ചെയ്തി രാജ്യത്തെ മുഴുവന്‍ ആളുകളെയും രോഷാകുലരാക്കിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഗവായ്ക്ക് നേരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തെ ശാന്തമായി കൈകാര്യം ചെയ്ത ചീഫ് ജസ്റ്റിസിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. നീതിയുടെ മൂല്യങ്ങളോടുള്ള ഗവായ് യുടെ പ്രതിബദ്ധത ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു.

അഭിഭാഷകന്‍ രാകേഷ് കിഷോറാണ് ഗവായ്ക്ക് നേരെ കോടതിമുറിക്കുള്ളില്‍ വെച്ച് ഷൂവെറിഞ്ഞത്. ഇന്ന് (തിങ്കള്‍) രാവിലെ 11.35 ഓടെയാണ് സംഭവം നടന്നത്. ഡയസിനരികിലേക്ക് എത്തിയ അഭിഭാഷകന്‍ ബി.ആര്‍. ഗവായ്ക്ക് നേരെ കാലില്‍ കിടന്നിരുന്ന ഷൂ ഊരി എറിയുകയായിരുന്നു.

സനാതന ധര്‍മത്തെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ അക്രമം. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രാകേഷ് കിഷോറിനെ സസ്പെന്‍ഡ് ചെയ്തു.

നേരത്തെ ഖജുരാഹോയിലെ ഏഴ് അടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘ദൈവത്തോട് പോയി ചോദിക്കൂ’ എന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.

‘എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ദൈവത്തോട് പോയി പറയൂ, നിങ്ങള്‍ മഹാവിഷ്ണുവിന്റെ അടിയുറച്ച വിശ്വാസിയാണെന്ന് പറയുന്നു. എന്നാല്‍ പോയ് പ്രാര്‍ത്ഥിക്കൂ. ഇതിപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. എ.എസ്.ഐ ആണ് അനുമതി നല്‍കേണ്ടത്,’ എന്നാണ് കേസ് റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ഈ പരാമര്‍ശങ്ങള്‍ രാജ്യത്തെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഒരു രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഇതേ സംഭവത്തെ മുന്‍നിര്‍ത്തിയാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.

Content Highlight: Shoe pelting against Gavai; PM says such despicable acts have no place in this society

We use cookies to give you the best possible experience. Learn more