| Friday, 13th March 2026, 6:50 am

ഞെട്ടിപ്പിക്കുന്ന സംഭവം, ഉടന്‍ സമഗ്രമായ അന്വേഷണം നടത്തണം; ഫാറൂഖ് അബ്ദുല്ലക്ക് നേരെയുണ്ടായ വധശ്രമത്തില്‍ എം.എ. ബേബി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്ക് നേരെയുണ്ടായ വധശ്രമം ആശങ്കാജനകമെന്ന് സി.പി.ഐ.എം ദേശീയ സെക്രട്ടറി എം.എ. ബേബി.

ഇസെഡ് പ്ലസ് സുരക്ഷ ഉണ്ടായിരിക്കെയാണ് ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമം നടന്നതെന്നും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും എം.എ. ബേബി പറഞ്ഞു. എക്സിലൂടെയാണ് എം.എ. ബേബിയുടെ പ്രതികരണം.

ഈ സുരക്ഷാ വീഴ്ച ഞെട്ടിപ്പിക്കുന്നതാണ്. എത്രയും വേഗം സമഗ്രമായ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് സി.പി.ഐ.എം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കേണ്ടതുണ്ട്. കശ്മീരികളുടെ യഥാര്‍ത്ഥ ആവശ്യം പരിഗണിക്കേണ്ട സമയം അതിക്രമിച്ചുവെന്നും എം.എ. ബേബി പറഞ്ഞു.

ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ വെച്ച് നടന്ന ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമമുണ്ടായത്. കമല്‍ സിങ് ജംവാള്‍ എന്നയാള്‍ മുന്‍ മുഖ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ‘ദൈവം എന്നെ രക്ഷിച്ചു’ എന്നായിരുന്നു സംഭവത്തിന് പിന്നാലെ ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചത്. കുറ്റവാളിയുടെ ഉദ്ദേശം എന്തായിരുന്നുവെന്ന് അറിയില്ല. പ്രതിയെ മുന്‍പരിചയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫാറൂഖ് അബ്ദുല്ലക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഈ വിഷയം ഗൗരവതരമായി കാണുന്നുവെന്നും അന്വേഷണം നടത്തുമെന്നും നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും ജീവനും സുരക്ഷയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ വ്യക്തമാക്കി.

ഫാറൂഖ് അബ്ദുല്ലയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജെ.പി. നദ്ദ പറഞ്ഞു. പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

Content Highlight: Shocking incident, M.A. Baby in the assassination attempt on Farooq Abdullah

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more