സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച സിനിമകളും കഥാപാത്രങ്ങളും നല്‍കിയിട്ടുള്ള നടനാണ് തിലകന്‍. ലോകം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 2012 സെപ്റ്റംബര്‍ 24നായിരുന്നു തിലകന്‍ നീണ്ട ഹോസ്പിറ്റല്‍വാസത്തിന് ശേഷം മരണപ്പെടുന്നത്.
ഇപ്പോള്‍ തിലകന്‍ ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ മൂന്നേമൂന്ന് ആളുകള്‍ക്ക് മാത്രമാണ് തങ്ങള്‍ അനുവാദം കൊടുത്തതെന്ന് പറയുകയാണ് മകന്‍ ഷോബി തിലകന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
’33 ദിവസം ഹോസ്പിറ്റലില്‍ കിടന്നിട്ടാണ് അച്ഛന്‍ മരിക്കുന്നത്. ഏകദേശം നമ്മുടെ സഖാവ് വി.എസിനെ പോലെയായിരുന്നു അത്. വി.എസും എത്രയോ നാള്‍ ഹോസ്പിറ്റലില്‍ കിടന്നിരുന്നല്ലോ. അന്ന് അച്ഛന്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ വി.എസും വന്നിരുന്നു കേട്ടോ.
അദ്ദേഹത്തെ കുറിച്ച് പറയാതിരിക്കാനാവില്ല. അച്ഛന്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വന്നവരില്‍ മൂന്നേമൂന്ന് ആളുകളെ മാത്രമാണ് ഞങ്ങള്‍ അകത്തേക്ക് കയറ്റിയിരുന്നുള്ളൂ. അതില്‍ ഒന്ന് വി.എസ് ആയിരുന്നു,’ ഷോബി തിലകന്‍ പറയുന്നു.
മറ്റൊരാള്‍ സുരേഷ് ഗോപി ആയിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. തിലകനെ ഹോസ്പിറ്റലില്‍ വെച്ച് കാണുന്ന മൂന്നാമത്തെ ആള്‍ നടന്‍ മനോജ് കെ. ജയന്റെ അച്ഛനായ കെ.ജി ജയനായിരുന്നു.
‘ജയവിജയന്മാര്‍ രണ്ടുപേരും (കെ.ജി ജയനും സഹോദരന്‍ കെ.ജി വിജയനും) അച്ഛനും ഒരു ദിവസം ജനിച്ചവരാണ്. അതുകൊണ്ട് അവര്‍ തമ്മില്‍ ഒരു പ്രത്യേക ആത്മബന്ധമുണ്ടായിരുന്നു. അവര്‍ ഒരേ സ്ഥലത്ത് നിന്നുള്ള ആളുകളുമാണ്.
അതിന്റെ ആത്മബന്ധം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ജയനങ്കിള്‍ ഹോസ്പിറ്റലില്‍ വന്നപ്പോള്‍ അച്ഛനെ കാണിച്ചു കൊടുത്തു. ഈ മൂന്നുപേര്‍ക്ക് മാത്രമാണ് അച്ഛനെ കാണാനുള്ള പെര്‍മിഷന്‍ നമ്മള്‍ കൊടുത്തിരുന്നുള്ളൂ. മറ്റാരും അകത്ത് കയറി അച്ഛനെ കണ്ടിട്ടില്ല,’ ഷോബി തിലകന്‍ പറയുന്നു.
മമ്മൂട്ടി അച്ഛനെ കാണാന്‍ അകത്ത് കയറിയില്ലെന്നും എന്നാല്‍ ഒരുപക്ഷെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കില്‍ തങ്ങള്‍ അനുവദിച്ചേനെയെന്നും ഷോബി പറഞ്ഞു. ‘ഡോക്ടേഴ്‌സ് പറഞ്ഞതല്ലേ, ഞാന്‍ ഇവിടെ ഇരുന്നോളാം’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം അതിനുപകരം ഡോക്ടറുമായി നേരിട്ട് സംസാരിച്ചു. അന്ന് ദുല്‍ഖറും മമ്മൂക്കയും ഒരുമിച്ചായിരുന്നു വന്നത്. അവര്‍ ഡോക്ടറെ കാണുകയും അച്ഛന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. മമ്മൂക്ക കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അനുവദിച്ചേനെ. അതല്ലാതെ നമ്മള്‍ അച്ഛനെ കാണാന്‍ അനുവദിച്ചത് മൂന്ന് ആളുകളെ മാത്രമായിരുന്നു,’ ഷോബി തിലകന്‍ പറഞ്ഞു.
Content Highlight: Shobi Thilakan Talks About VS Achuthanandhan, Suresh Gopi And KG Jayan