മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷോബി തിലകന്‍. രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടില്‍ അധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി നൂറിലധികം ചിത്രങ്ങളിലായി നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.
തന്റെ അച്ഛനും നടനുമായ തിലകന് അഭിനയിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന ആള്‍ ഒപ്പം കിടപിടിച്ചു നില്‍ക്കുന്ന ആളാണെങ്കില്‍ വലിയ സന്തോഷമാകുമെന്ന് പറയുകയാണ് ഷോബി. അച്ഛന്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞതും അദ്ദേഹം ഓര്‍ക്കുന്നു.
അച്ഛന്‍ ഇതുപോലെ തന്നെ പറഞ്ഞിട്ടുള്ള മറ്റൊരാളാണ് മഞ്ജു വാര്യരെന്നും ഷോബി പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന് മഞ്ജു വാര്യരുമായി ഒരു മത്സരം തന്നെയുണ്ടായിരുന്നുവെന്നും അച്ഛന്‍ മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കോണ്‍ഷ്യസായിരുന്നെന്നും ഷോബി കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഞ്ജു വാര്യര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അച്ഛന്‍ ശ്രദ്ധിക്കാറുണ്ട്. താന്‍ ഇല്ലാത്ത സീന്‍ ആണെങ്കില്‍ പോലും മഞ്ജുവിന്റെ ഷോട്ട് എടുക്കുമ്പോള്‍ അച്ഛന്‍ അവിടെ പോയി ഇരിക്കുമായിരുന്നു. അത്രമാത്രം അച്ഛന്‍ ഓരോന്നും ശ്രദ്ധിക്കാറുണ്ട്. സത്യത്തില്‍ നമ്മള്‍ അങ്ങനെ ചെയ്യണം.
അച്ഛന്‍ മാത്രമല്ല, ആരാണെങ്കിലും അങ്ങനെ തന്നെ വേണം ചെയ്യാന്‍. നല്ല കഴിവുള്ള ഒരാളുടെ കൂടെ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും നമുക്കും അതിന്റെ പോസിറ്റീവ് എനര്‍ജി ലഭിക്കും. അത്തരം ആളുകളുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നത് ഭാഗ്യമാണ്,’ ഷോബി തിലകന്‍ പറയുന്നു.
Content Highlight: Shobi Thilakan talks about Manju Warrier and Mohanlal