മലയാള സിനിമയിലെ ശ്രദ്ധേയനായ ഡബ്ബിങ് ആർട്ടിസ്റ്റും നടനുമാണ് ഷോബി തിലകൻ. വിജി തമ്പിയുടെ ‘നാറാണത്ത് തമ്പുരാൻ’ എന്ന ചിത്രത്തിലൂടെയാണ് ഡബ്ബിങ് രംഗത്തേക്ക് എത്തിയത്. പിന്നീട് 150ലേറെ സിനിമകളിൽ നിരവധി താരങ്ങൾക്ക് ശബ്ദം നൽകിയ ഷോബി, മികച്ച ഡബ്ബിങ്ങിനുള്ള പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും അച്ഛൻ തിലകന്റെ പാത പിന്തുടർന്ന ഷോബി, സിനിമയിൽ താൻ നേരിട്ട പ്രശ്നങ്ങളും അനുഭവങ്ങളും തുറന്നു പറയുകയാണ്.
നടൻ തിലകന്റെയും ഷമ്മി തിലകന്റെയും സിനിമയിലെ പോരാട്ടങ്ങൾ തനിക്കും ചില നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . എന്നാൽ അതിന്റെ പേരിൽ അച്ഛനെയോ ഏട്ടനെയോ കുറ്റപ്പെടുത്താൻ താൻ തയ്യാറല്ലെന്നും ഷോബി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ഷോബി തിലകൻ,തിലകൻ. Photo. Screen Grab/ Youtube
‘അച്ഛൻ നടത്തിയിട്ടുള്ള പോരാട്ടങ്ങളും ഷമ്മി ചേട്ടൻ നടത്തിയിട്ടുള്ള പോരാട്ടങ്ങളും എന്നെയും ബാധിച്ചിട്ടുണ്ട്. എനിക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അത് ഞാൻ മൈൻഡ് ചെയ്യുന്നില്ല. അതിന് ഞാൻ ആരെയും കുറ്റം പറയില്ല’, ഷോബി പറഞ്ഞു.
തെറ്റ് കണ്ടാൽ അത് തുറന്നുപറയുന്ന സ്വഭാവമായിരുന്നു അച്ഛന്റേത്. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർമാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങിയവരായിരുന്നു പലപ്പോഴും വിമർശനങ്ങൾക്ക് ഇരയായിരുന്നതെന്നും ഷോബി പറയുന്നു.
അച്ഛൻ പറയുന്നത് തന്റെ നന്മയ്ക്കുവേണ്ടിയാണെന്ന് കരുതിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ചിലർ അത് വ്യക്തിപരമായി എടുത്ത് പിന്നീട് മനസിൽ സൂക്ഷിച്ചിട്ടുണ്ടാകാമെന്നും ഷോബി പറഞ്ഞു. സിനിമയിൽ ഒരു ചിത്രം ചെയ്യുമ്പോൾ ‘ഇതിൽ അയാൾ വേണ്ട’ എന്ന തരത്തിൽ ചിലർ തീരുമാനിച്ചിട്ടുണ്ടാകാമെന്നും താരം കൂട്ടിച്ചേർത്തു.
തിലകന്റെ മകൻ എന്നതും ചില അവസരങ്ങളിൽ തനിക്ക് തിരിച്ചടിയായിട്ടുണ്ടാകാമെന്ന് ഷോബി പറയുന്നു.
‘അച്ഛൻ ഇല്ലല്ലോ ഇപ്പോ, പക്ഷെ ഷോബിയെ വിളിക്കാം’ എന്ന് ആരെങ്കിലും ചിന്തിക്കുമ്പോൾ പോലും ‘അയാൾ തിലകന്റെ മോനല്ലേ’ എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടാകാമെന്നും ഷോബി പറഞ്ഞു.
ഇത്തരം അനുഭവങ്ങളാണ് താൻ കുറച്ചുകൂടി ഡിപ്ലോമാറ്റിക്കായും മിതത്വത്തോടെയും പെരുമാറാൻ തുടങ്ങിയതിന് പിന്നിലെന്നും ഷോബി വ്യക്തമാക്കി. വിവാഹം കഴിച്ച് ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്ന ചിന്തയും തന്റെ നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘എന്റെ ഫാമിലിയുടെ ഭാഗത്ത് നിന്നും ഒരു പ്രോബ്ലം മേക്കർ ആകരുത് എന്നൊക്കെയുള്ള കാര്യങ്ങൾ പറയാറുണ്ട്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ സ്വയം മാറിയത്’, ഷോബി തിലകൻ പറഞ്ഞു.
Content Highlight: Shobi Thilakan Talks about father thilakan