| Thursday, 12th February 2026, 3:05 pm

പലരും കരുതി  അഭിനയം ഇഷ്ടമല്ലെന്ന്; ഞാന്‍ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഇവിടെയുണ്ടെന്നറിഞ്ഞത് അപ്പോള്‍: ഷോബി തിലകന്‍

ഐറിന്‍ മരിയ ആന്റണി

മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷോബി തിലകന്‍. രണ്ടു പതിറ്റാണ്ടിലധികമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം നൂറിലധികം ചിത്രങ്ങളിലായി നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രണ്ടുതവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹം അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇന്ദ്രന്‍സിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ആശാനില്‍ ഒരു പ്രധാന വേഷത്തില്‍ ഷോബി തിലകനും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നത്.

ഇപ്പോഴിതാ മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തില്‍ തന്റെ ഡബ്ബിങ് കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകന്‍.

‘ഷോബി തിലകന്‍ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് മലയാള സിനിമയിലുണ്ടെന്ന് തിരിച്ചറിഞ്ഞത് ലാലേട്ടന്റെ ബാലേട്ടന്‍ എന്ന സിനിമയിലൂടെയാണ്. അതില്‍ റിയാസ് ഖാന്‍ എന്ന ആര്‍ട്ടിസ്റ്റിന് വേണ്ടി ഡബ്ബ് ചെയ്യുമ്പോഴാണ്. ആ കഥാപാത്രമാണ് ഹിറ്റായത് അതിനുശേഷം ഞാന്‍ റിയാസിന് വേണ്ടി ഒരുപാട് പടങ്ങള്‍ ചെയ്തു.

സംസ്ഥാന പുരസ്‌കാരം കിട്ടിയത് പഴശ്ശിരാജ ശരത് കുമാറിന് വേണ്ടി ഡബ്ബിങ് ചെയ്തപ്പോഴാണ്. ഒരുപാട് പേരുണ്ട് അതുപോലെ രാജമാണിക്യത്തില്‍ വില്ലനായി വന്ന രഞ്ജിത്ത്, അദ്ദേഹത്തിന് താന്‍ 12 ഓളം സിനിമകള്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

എനിക്ക് ആദ്യം അവസരം ലഭിച്ചത് ഡബ്ബിങ്ങിലാണ്, എന്നാല്‍ ഡബ്ബിങ്ങിന്റെ തിരക്കില്‍ നില്‍ക്കുന്ന സമയത്ത് എല്ലാവരും വിചാരിച്ചത് എനിക്ക് ഡബ്ബ് ചെയ്യന്‍ മാത്രമെ താത്പര്യമുള്ളൂ, അഭിനിയിക്കുന്നില്ല എന്നാണ്. പക്ഷേ ഞാന്‍ ആ സമയത്ത് അഭിനയിക്കുന്നുണ്ടായിരുന്നു. സീരിയലുകളും ഷോര്‍ട് ഫിലിമുകളും ചെയ്യുന്നുണ്ടായിരുന്നു,’ ഷോബി തിലകന്‍ പറയുന്നു.

നിങ്ങള്‍ ഡബ്ബിങ് മാത്രമേ ചെയ്യുന്നുള്ളൂ അഭിനയിക്കുന്നില്ലെന്നാണ് താന്‍ കരുതിയത് എന്ന് ഒരു എക്‌സിക്യൂട്ടീവ് തന്റെ അടുത്ത് പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് അഭിനയിക്കാന്‍ വിളിക്കാത്തത് എന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ഷോബി തിലകന്‍ കൂട്ടിച്ചര്‍ത്തു.

അഭിനയിക്കുകയാണെങ്കില്‍ കുറേ ദിവസം പല സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുമെന്നും അപ്പോള്‍ ഡബ്ബിങ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് ടെക്‌നോളജി ഒരുപാട് വികസിച്ചുവെന്നും എവിടെപ്പോയാലും ഡബ്ബ് ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ആര്‍ എസ് എന്ന സംവിധായകനായാണ് ഷോബി തിലകന്‍ ആശാനില്‍ എത്തുന്നത്. അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ നൂറോളം പുതുമുഖങ്ങളുമുണ്ട്.

Content Highlight:  Shobi Thilakan talks about her dubbing career 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more