| Friday, 3rd July 2026, 9:59 am

എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ പോലും നന്നായെന്ന് പറഞ്ഞിട്ടില്ല, പക്ഷേ ദുല്‍ഖറിനെക്കുറിച്ച് അച്ഛന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടി: ഷോബി തിലകന്‍

അമര്‍നാഥ് എം.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷോബി തിലകന്‍. വിജി തമ്പി സംവിധാനം ചെയ്ത നാറാണത്ത് തമ്പുരാന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഡബ്ബിങ് രംഗത്ത് ഷോബി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് 150ലേറെ സിനിമകളില്‍ പല താരങ്ങള്‍ക്കും ശബ്ദം നല്‍കിയ ഷോബി തിലകനെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ഇതിഹാസ നടന്‍ തിലകന്റെ മകനാണ് ഷോബി തിലകന്‍.

ഡബ്ബിങ്ങിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ദൃഢം, ആശാന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. തിലകനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷോബി തിലകന്‍ ഇപ്പോള്‍.

ഷോബി തിലകന്‍ Photo: Screen grab/ Onw 2 talks

അച്ഛന്റെയൊപ്പം ഒരുപാട് യാത്രകള്‍ ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് ഷോബി തിലകന്‍ പറയുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായ ശേഷം സൗദിയിലേക്ക് തിലകനൊപ്പം യാത്ര ചെയ്‌തെന്നും ആ സമയത്ത് ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് താന്‍ ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.

‘ദുല്‍ഖറിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമായണത്. മമ്മൂക്കയുടെ മകന്‍ എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടിയാണ് ചോദിച്ചത്. ‘കൊള്ളാം, അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്യുന്നുണ്ട്’ എന്നായിരുന്നു പറഞ്ഞത്. അച്ഛന്റെ വായില്‍ നിന്ന് അങ്ങനെ നല്ലത് കേള്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരെക്കുറിച്ച് ചോദിച്ചാലും ‘കുഴപ്പമില്ല’ എന്നോ ‘അവന്‍ കുറച്ചുകൂടി ശരിയാകാനുണ്ട്’ എന്നൊക്കെയേ പറയുള്ളൂ.

ഉസ്താദ് ഹോട്ടല്‍ Photo: Jio Hotstar, IMDB

എനിക്ക് പോലും അങ്ങനെ ഒരു അനുഭവമുണ്ട്. എനിക്ക് ആദ്യത്തെ സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ അച്ഛനെ അങ്ങോട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. ഫോണ്‍ വിളിച്ച് ഞാന്‍ അവാര്‍ഡിന്റെ കാര്യം പറഞ്ഞപ്പോള്‍ ‘ങ്ഹാ, ശരി’ എന്ന് പറഞ്ഞ് കട്ട് ചെയ്തു. കൊള്ളമെന്നോ കണ്‍ഗ്രാജുലേഷന്‍ എന്നോ അദ്ദേഹം പറഞ്ഞില്ല. പക്ഷേ ആ മൂളലില്‍ എല്ലാമുണ്ടായിരുന്നു,’ ഷോബി തിലകന്‍ പറയുന്നു.

സിനിമയില്‍ തിരിച്ചടികള്‍ നേരിട്ട സമയത്ത് അച്ഛന്‍ തങ്ങളോട് എല്ലാം പറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെല്ലാം അച്ഛനോട് പറയുമായിരുന്നെന്നും അതിനെല്ലാം അദ്ദേഹം പരിഹാരം നിര്‍ദേശിക്കുമായിരുന്നെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ അച്ഛനെ ആരാധിക്കുന്നതുപോലെ താനും ആരാധിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

Content Highlight: Shobi Thilakan shares the memories with his father Thilakan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more