മലയാള സിനിമയിലെ ശ്രദ്ധേയനായ ഡബ്ബിങ് ആർട്ടിസ്റ്റും നടനുമാണ് ഷോബി തിലകൻ. വിജി തമ്പിയുടെ ‘നാറാണത്ത് തമ്പുരാൻ’ എന്ന ചിത്രത്തിലൂടെയാണ് ഡബ്ബിങ് രംഗത്തേക്ക് എത്തിയത്. പിന്നീട് 150ലേറെ സിനിമകളിൽ നിരവധി താരങ്ങൾക്ക് ശബ്ദം നൽകിയ ഷോബി, മികച്ച ഡബ്ബിങ്ങിനുള്ള പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുണ്ട്.
അഭിനയത്തിന്റെ കാര്യത്തിലും അച്ഛൻ തിലകന്റെ പാത പിന്തുടർന്ന ഷോബി,
അച്ഛൻ തിലകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമയിലെ കഥാപാത്രമാണെന്ന് പറയുകയാണ്. ആ കഥാപാത്രത്തെ അച്ഛൻ അതിഗംഭീരമായാണ് അവതരിപ്പിച്ചതെന്നും അതിന് മുകളിൽ മറ്റൊരു വില്ലനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ഷോബി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷോബി തിലകൻ തുറന്നു സംസാരിച്ചത്.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. Photo: Screen Grab/ Youtube
‘അച്ഛന്റെ വില്ലൻ കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ കഥാപാത്രമാണ്. ഗംഭീരമായിട്ടാണ് അച്ഛൻ അത് ചെയ്ത് വെച്ചിട്ടുള്ളത്. അതിന്റെ മുകളിൽ ഒരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നുപോലുമില്ല. ഗംഭീരമായ കഥാപാത്രമാണ് അച്ഛൻ അത് മനോഹരമായി ചെയ്തിട്ടുമുണ്ട്’, ഷോബി പറഞ്ഞു.
അത്തരമൊരു കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കാൻ തനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ഷോബി പറഞ്ഞു. അതേ സ്വഭാവത്തിലുള്ള കഥാപാത്രമായിരുന്നു താൻ സീരിയലിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ഛൻ ഒരിക്കൽ പറഞ്ഞ ഒരു അനുഭവവും ഷോബി പങ്കുവച്ചു. എവിടെയോ പോയപ്പോൾ ഒരു കുടുംബം തിലകനെ പരിചയപ്പെടാൻ എത്തിയിരുന്നു. ഭാര്യയും ഭർത്താവും മക്കളുമെല്ലാം അടങ്ങുന്ന കുടുംബം തിലകനോട് സംസാരിക്കുന്നതിനിടെ, തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് അദ്ദേഹം അവരോട് ചോദിച്ചു.
അപ്പോൾ ആ കുടുംബത്തിലെ സ്ത്രീ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിലെ കഥാപാത്രമാണെന്ന് പറഞ്ഞു. എന്നാൽ ആ കഥാപാത്രത്തോടുള്ള ഇഷ്ടമല്ല, തിലകന്റെ അഭിനയത്തോടുള്ള ഇഷ്ടമാണ് അതിന് പിന്നിലെന്ന് പിന്നീടാണ് അവർ പറഞ്ഞത്.
‘ഒരു സ്ത്രീ ആ കഥാപാത്രം ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ അവർ ആ അഭിനയമാണ് ഇഷ്ടപ്പെട്ടത്. ആ കഥാപാത്രത്തെയല്ല. ആ കഥാപാത്രത്തോട് അത്രമാത്രം വെറുപ്പ് ജനങ്ങളിൽ ഉണ്ടാക്കിയെങ്കിൽ അത് അഭിനയിച്ച ആൾ ആ കഥാപാത്രത്തെ വിജയിപ്പിച്ചു എന്നല്ലേ അതിന്റെ അർത്ഥം’, ഷോബി പറഞ്ഞു.
ഷോബി തിലകൻ,തിലകൻ,ഷമ്മി തിലകൻ. Photo. Screen Grab/ Youtube
എന്തുകൊണ്ടാണ് ആ കഥാപാത്രം ഇത്രയും ഇഷ്ടപ്പെട്ടതെന്ന് അച്ഛൻ ചോദിച്ചപ്പോഴാണ് ആ സ്ത്രീ ഇക്കാര്യം പറഞ്ഞത്. കഥാപാത്രത്തെ അത്രയും നന്നായി അവതരിപ്പിച്ചതുകൊണ്ടാണ് തങ്ങൾക്ക് ആ കഥാപാത്രത്തോട് അത്രയും വെറുപ്പ് തോന്നിയതെന്നായിരുന്നു അവരുടെ മറുപടി.
‘നിങ്ങൾ അത് അത്രമാത്രം നന്നായി അഭിനയിച്ചിട്ടുണ്ട്. അത് കണ്ടിട്ട് അത്ര മാത്രം വെറുപ്പ് ഞങ്ങൾക്ക് നിങ്ങളോട് ഉണ്ടായിരുന്നു എന്നാണ് ആ സ്ത്രീ അച്ഛനോട് പറഞ്ഞത്. അപ്പോ അതൊക്കെയാണ് ഒരു അഭിനേതാവിന്റെ സാറ്റിസ്ഫാക്ഷൻ എന്ന് പറയുന്നത്’, ഷോബി കൂട്ടിച്ചേർത്തു.
Content Highlight: Shobi Thilakan opens up about his favourite character played by his father