തിരുവനന്തപുരം: ശോഭാ സുരേന്ദ്രനും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിന്ദു വിനയകുമാര്‍.
ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധങ്ങളുണ്ടെന്നും അന്വേഷിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാവുമെന്നും ബിന്ദു പറഞ്ഞു.
ക്രിസ്മസ് സമയത്ത് ശോഭാ സുരേന്ദ്രന്‍ സ്വന്തമായി ആശംസാ വാര്‍ത്താ മാതൃഭൂമി പത്രത്തില്‍ നല്‍കിയിരുന്നുവെന്നും അതിന്റെ ഫണ്ട് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിച്ചാല്‍ മനസിലാവുമെന്നും അവര്‍ പറഞ്ഞു.
30 വര്‍ഷത്തോളമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും തന്റെ സമയവും പണവും ജീവിതവും എല്ലാം അര്‍പ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചത്, പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും ബിന്ദു പറഞ്ഞു.
‘ഈ മാസം തന്നെ ശോഭയ്ക്കെതിരായി രാജീവ് ചന്ദ്രശേഖറിന് മൂന്ന് പരാതികള്‍ അയച്ചിട്ടുണ്ട്. എസ്. സുരേഷിനും സംസ്ഥാന വൈസ് പ്രസിഡന്റ് സോമനും പരാതി അയച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ യാതൊരു വിധ അന്വേഷണവും നടപടിയും ഉണ്ടായിട്ടില്ല. അസഭ്യവും അനാവശ്യവും പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ഭയക്കുന്നു. ശോഭയുടെ തീവ്രവാദ ബന്ധം നേതൃത്വത്തിന് അറിയാം. ശോഭയോടൊപ്പം സമരപ്പന്തലില്‍ ഉണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ക്ക് എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ ദൂരൂഹമരണം അന്വേഷിക്കണം’.
ശോഭ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വത്തിന് പേടിയാണോ എന്നാണ് രാജീവ് ചന്ദ്ര ശേഖരനോട് ചോദിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെതിരെ, തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണു വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ. സുരേഷ് അറിയിച്ചു. ശോഭയുടെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചായിരുന്നു ബിന്ദു പൊലീസില്‍ പരാതി നല്‍കിയത്.
Content Highlight: Shobha Surendran has terrorist links; leadership is afraid to take action: Bindu Vinayakumar