ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും ചര്‍ച്ചയാവുകയാണ്. 2018ലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള മുന്‍ താരം ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തലുകള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും ചോദ്യമുനയില്‍ നിര്‍ത്തുകയാണ്.
എന്നാല്‍ സാന്‍ഡ് പേപ്പര്‍ഗേറ്റിനും ഏറെ മുമ്പ് പന്തില്‍ കൃത്രിമം കാണിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് സ്വന്തമായ രീതികള്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷോയ്ബ് അക്തര്‍.
താന്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് പന്തിന്റെ പ്രതലം മാറ്റാന്‍ കുപ്പിയുടെ അടപ്പുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്. വിസ്ഡന്‍ ക്രിക്കറ്റിന്റ് സ്‌കുപ്പില്‍ സംസാരിക്കുകയായിരുന്നു പേസ് ഇതിഹാസം.
സംഭവത്തില്‍ മൂന്ന് താരങ്ങള്‍ മാത്രമല്ല, ഓസ്‌ട്രേലിയന്‍ ടീമിലെ എല്ലാവര്‍ക്കും പങ്കുണ്ടായിരുന്നുവെന്ന ഉസ്മാന്‍ ഖവാജയുടെ ആരോപണത്തെ അക്തര്‍ പിന്തുണച്ചു.
‘ഇതൊന്ന് അവസാനിപ്പിക്കൂ. എന്തിനാണ് ഇപ്പോഴും ഇത്ര വലിയ വിവാദമാക്കുന്നത്? ഇത് ക്രിക്കറ്റിന് നാശമുണ്ടാക്കിയെന്ന് എനിക്കറിയാം. ഞങ്ങളുടെ ക്രിക്കറ്റിനും അത് ദോഷം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ചിരുന്ന കാലത്ത് സാന്‍ഡ്‌പേപ്പറിന് പകരം ഞങ്ങള്‍ കുപ്പിയുടെ അടപ്പുകളാണ് ഉപയോഗിച്ചിരുന്നത്. പന്തുകള്‍ മാറ്റുകയും പലതരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു,’ അക്തര്‍ പറഞ്ഞു.
പന്തില്‍ കൃത്രിമം കാണിക്കാനുള്ള തീരുമാനം ഏതാനും താരങ്ങള്‍ മാത്രം എടുക്കുന്നതല്ലെന്നും ഡ്രസിങ് റൂമിലുള്ള മുഴുവന്‍ ടീമിനും ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കണമെന്നും 51കാരനായ അക്തര്‍ ചൂണ്ടിക്കാട്ടി.
‘ഉസ്മാന്‍ പറഞ്ഞ കാര്യത്തില്‍ കാര്യമുണ്ട്. ഇത് ടീമിന്റെ തീരുമാനമായിരിക്കണം. രണ്ടോ മൂന്നോ പേര്‍ മാത്രം എടുക്കുന്ന തീരുമാനമാകാന്‍ കഴിയില്ല. ഞങ്ങള്‍ ക്രിക്കറ്റ് പന്തുകള്‍ ഉപയോഗിച്ച് കളിച്ചിരുന്ന കാലത്ത് പലതരത്തിലുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യങ്ങള്‍ ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരങ്ങള്‍ ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല,’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ, വെളിപ്പെടുത്തലുകള്‍ നടത്താന്‍ തെരഞ്ഞെടുത്ത സമയം ശരിയായില്ല എന്നും അക്തര്‍ പറഞ്ഞു. തന്റെ പഴയ സഹതാരങ്ങളെപ്പറ്റിയും അവര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങളെപ്പറ്റിയും ഇതുപോലെ പറയാന്‍ ഒരുപാടുണ്ടെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇപ്പോള്‍ വീണ്ടും ഈ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന്റെ സമയത്തെ അക്തര്‍ ചോദ്യം ചെയ്തു. സത്യം പുറത്തുവന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ വിവാദം അവസാനിപ്പിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Shoaib Akhtar opens up on Pakistan’s ball-tampering past