ന്യൂദല്‍ഹി: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ ആനന്ദ് ഗീതെ. തന്റെ പാര്‍ട്ടിയായ എന്‍.സി.പി രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ശരത് പവാറെന്നായിരുന്നു ഗീതെയുടെ വിമര്‍ശനം.
ഇത്തരത്തിലുള്ള ഒരാളെ ശിവസൈനിക്‌സിന്റെ ഗുരുവായി കണക്കാക്കാന്‍ കഴിയില്ലെന്നും ആനന്ദ് ഗീതെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യസര്‍ക്കാറായ മഹാവികാസ് അഘാഡി ഒരു അഡ്ജസ്റ്റ്‌മെന്റ് ആണെന്നും അദ്ദേഹം ആരോപിച്ചു.
”കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയാണ് ശരദ് പവാര്‍ എന്‍.സി.പി രൂപീകരിച്ചത്. ലോകം എന്തൊക്കെ പേരില്‍ വിളിച്ചാലും അയാള്‍ ഒരിക്കലും ഞങ്ങളുടെ ഗുരുവാകില്ല. ഞങ്ങളുടെ ഗുരു മരണപ്പെട്ട ബാലസാഹെബ് താക്കറെയാണ്.
മഹാവികാസ് അഘാഡി ഭരണം പിടിക്കുന്നതിന് വേണ്ടിയുണ്ടായ ഒരു അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ്,” മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെ ഗീതെ പറഞ്ഞത്.
ശിവസേനയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭരിക്കുന്ന സഖ്യസര്‍ക്കാരിനോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് പറഞ്ഞ ഗീതെ ഈ സഖ്യസര്‍ക്കാര്‍ തുടരുന്നിടത്തോളം തുടരട്ടെ എന്നും അത് പിരിഞ്ഞാല്‍ നമ്മുടെ വീട് ശിവസേനയായിരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
സഖ്യസര്‍ക്കാര്‍ പിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ മഹാവികാസ് അഘാഡിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും നമ്മുടെ പാര്‍ട്ടിയായ ശിവസേനയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശരദ് പവാര്‍ എന്‍.സി.പിയുടെ ദേശീയ നേതാവാണെന്നും ആനന്ദ് ഗീതെയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.
1999ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ശരദ് പവാര്‍, പി.എ. സങ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ ചേര്‍ന്ന് എന്‍.സി.പി രൂപീകരിക്കുന്നത്.
2019ലാണ് മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസ് ചേര്‍ന്ന് മഹാവികാസ് അഘാഡി എന്ന പേരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. ബി.ജെ.പിയുമായുണ്ടായ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ശിവസേന എന്‍.ഡി.എ മുന്നണി വിട്ടതിന് ശേഷമായിരുന്നു ഇത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Shivsena leader Anant Geete criticises Sharad Pawar