| Tuesday, 14th July 2026, 6:45 pm

യുപിയിലെ വീട്ടില്‍ ഫ്രീസറിലെ ഐസ് ശിവലിംഗം പോലെ; ആരാധനയും കാണിക്കയുമായി നാട്ടുകാര്‍

റെന്വര്‍ പി

ലഖ്‌നൗ: കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ വയലില്‍ എട്ട് ദിവസം വട്ടം ചുറ്റി നടന്ന ഒരു പശുവിനെ നാട്ടുകാര്‍ ദൈവമായി കരുതി ആരാധിച്ചിരുന്നു. ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്ന് സമാനമായ മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ആഗ്രയിലെ ഒരു വീട്ടിലെ ഫ്രിഡ്ജിനകത്ത് ശിവലിംഗത്തിന്റെ രൂപത്തില്‍ കട്ടപിടിച്ച ശിവലിംഗത്തെ ആരാധിക്കുകയാണ് നാട്ടുകാര്‍.

ആഗ്രയിലെ നഗ്ഗഭുജയിലെ ഒരു വീട്ടിലാണ് ഫ്രിഡ്ജിനുള്ളില്‍ ഐസ് ശിവലിംഗത്തിന്റെ രൂപത്തില്‍ കട്ടപിടിച്ചത്. ഈ കട്ടപിടിച്ച ഐസിനെ നാട്ടുകാര്‍ ഇപ്പോള്‍ പൂജിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ വീട്ടുടമയാണ് ശിവ ലിംഗത്തിന്റെ രൂപത്തില്‍ ഫ്രീസറില്‍ ഐസ് കട്ടപിടിച്ചത് ശ്രദ്ധിച്ചത്. ഇത് തങ്ങളുടെ ഫ്രീസറില്‍ ദൈവം പ്രത്യക്ഷപ്പെട്ടതാണെന്ന് വീട്ടുകാര്‍ തെറ്റിധരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമര്‍നാഥ് ഗുഹയിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗം ഉരുകുന്നതായുള്ള വാര്‍ത്തകള്‍ ഈ കുടുംബം ശ്രദ്ധിച്ചിരുന്നു. അമര്‍നാഥിന് പകരം തങ്ങളുടെ ഫ്രിഡ്ജില്‍ പ്രത്യക്ഷപ്പെടാനാണ് ദൈവത്തിന്റെ തീരുമാനമെന്ന് കുടുംബം വിശ്വസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വീട്ടുകാര്‍ക്കൊപ്പം പിന്നീട് നാട്ടുകാരും കൂടി. അവര്‍ ഫ്രീസറില്‍ ശിവലിംഗത്തിന്റെ രൂപത്തിലുള്ള ഐസ് കട്ടയെ ആരാധിക്കാനും തുടങ്ങി. ഐസ് കട്ടയില്‍ നാട്ടുകാര്‍ ജലാഭിഷേകം നടത്തി. നാട്ടുകാര്‍ ഫ്രിഡ്ജിനകത്ത് കാണിക്ക സമര്‍പ്പിക്കാനും തുടങ്ങി.

മന്ത്രോച്ഛാരണങ്ങളുമായാണ് നാട്ടുകാര്‍ ഫ്രിഡ്ജിന് മുന്നില്‍ ആരാധിക്കാനെത്തുന്നതെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ മാസം ആദ്യവാരമായിരുന്നു വയലില്‍ വട്ടം ചുറ്റിയ പശുവിനെ നാട്ടുകാര്‍ ദൈവമെന്ന് കരുതി ആരാധിച്ച സംഭവം. ഒരു വയലില്‍ എട്ട് ദിവസം വട്ടത്തില്‍ ചുറ്റി നടന്ന ഒരു പശുവിനെ നാട്ടുകാര്‍ ആരാധിക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ ശ്രാവസ്തി ജില്ലയിലെ ബാസ്ഭാരിയ ഗ്രാമത്തിലായിരുന്നു സംഭവം. പശു എട്ട് ദിവസമായി വയലില്‍ വട്ടത്തിലുള്ള പാതയില്‍ സഞ്ചരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍ പെടുകയും ഇത് ഒരു അത്ഭുത പ്രവൃത്തിയായി തെറ്റിധരിക്കുകയുമായിരുന്നു.

പിന്നീട് ഈ പശു ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വട്ടത്തില്‍ ചുറ്റി നടന്നതെന്ന് വെറ്റിനറി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തി പശുവിന് മരുന്നുകള്‍ നല്‍കിയ വെറ്റിനറി ഉദ്യോഗസ്ഥര്‍ ഇക്കാര്യം ബോധിപ്പിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആരാധന നിര്‍ത്തുകയും ചെയ്തിരുന്നു.

Content Highlight: ‘Shivling’ in a fridge? ice structure at Agra home draws crowd

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more