| Thursday, 19th February 2026, 11:39 am

കളിയിലെ താരം, പിന്നാലെ ലിസ്റ്റില്‍ നിന്നും പുറത്ത്! ഒന്നാമത് ഇപ്പോഴും ധോണി തന്നെ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഡച്ച് പടയ്ക്ക് സമ്മാനിച്ചത്. ഇതോടെ പരാജയമറിയാതെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം ശിവം ദുബെയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. ബാറ്റെടുത്തപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും പന്തെടുത്തപ്പോള്‍ വിക്കറ്റും നേടിയാണ് ദുബെ കളം വിട്ടത്.

ബാറ്റിങ്ങില്‍ 31 പന്ത് നേരിട്ട് ആറ് സിക്‌സറിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 212.90 സ്‌ട്രൈക് റേറ്റില്‍ 66 റണ്‍സ് നേടിയ താരം ബൗളിങ്ങില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 35 റണ്‍സിന് രണ്ട് വിക്കറ്റും നേടി.

കളിയിലെ താരമായതും ദുബെ തന്നെയാണ്.

നെതര്‍ലന്‍ഡ്‌സിനെതിരെ കളിയിലെ താരമായതോടെ ഒരു ലിസ്റ്റില്‍ നിന്നും ശിവം ദുബെ പടിയിറങ്ങി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാതെ ഏറ്റവുമധികം ടി-20 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നിന്നുമാണ് ദുബെ കഴിഞ്ഞ ദിവസം പടിയറങ്ങിയത്. ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമില്ലാതെ 12 മത്സരങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍ ഓള്‍റൗണ്ടറുടെ നേട്ടം.

ഇന്ത്യയെ പ്രഥമ ടി-20 ലോകകപ്പ് കിരീടം ചൂടിച്ച ധോണിയാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. ഇന്ത്യയെ പല നിര്‍ണായക വിജയങ്ങളിലേക്കും കിരീടത്തിലേക്കും നയിച്ചെങ്കിലും 33 മത്സരങ്ങള്‍ കളിച്ച ധോണിക്ക് ഒരിക്കല്‍പ്പോലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തില്‍ ചുംബിക്കാന്‍ സാധിച്ചിട്ടില്ല.

ടി-20 ലോകപ്പില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാതെ ഏറ്റവുമധികം മത്സരം – ഇന്ത്യന്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 33

ഗൗതം ഗംഭീര്‍ – 21

റിഷബ് പന്ത് – 15

മുഹമ്മദ് ഷമി – 14

ഭുവനേശ്വര്‍ കുമാര്‍ – 13

കെ.എല്‍. രാഹുല്‍ – 11

യൂസുഫ് പത്താന്‍ – 11

ദിനേഷ് കാര്‍ത്തിക് – 10 – ഈ ലിസ്റ്റില്‍ നിന്നുമാണ് ദുബെ പടിയിറങ്ങിയത്.

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായതോടെ സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ പ്രോട്ടിയാസാണ് എതിരാളികള്‍.

Content Highlight:  Shivam Dube Won his 1st P.O.M Award in T20WC in his 12th Match

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more