2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വേയെ തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ സെമി സാധ്യതകള്‍ കെടാതെ കാത്തിരിക്കുകയാണ്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വേയ്ക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഒരു ടീം എന്ന നിലയില്‍ ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും തിരിച്ചുവന്ന മത്സരം കൂടിയായിരുന്നു ചെപ്പോക്കിലേത്. എന്നാല്‍ ശിവം ദുബെയുടെ ബൗളിങ് പ്രകടനം ആരാധകര്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്ന ഒന്നായി മാറി.
രണ്ട് ഓവറില്‍ 46 റണ്‍സാണ് ദുബെ വിട്ടുകൊടുത്തത്. എക്കോണമിയാകട്ടെ 23.00!
തന്റെ പന്തുകളെ സിംബാബ്‌വന്‍ താരങ്ങള്‍ ഗ്യാലറിയില്‍ നിക്ഷേപിക്കുമ്പോള്‍ എക്‌സ്ട്രാസ് ഇനത്തില്‍ റണ്‍ വിട്ടുകൊടുക്കാന്‍ ദുബെയും മത്സരിച്ചു. വൈഡും നോ ബോളുകളുമായി ഷെവ്‌റോണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ദുബെയും കയ്യയച്ച് സഹായിച്ചു. രണ്ട് നോ ബോളും നാല് വൈഡുകളുമാണ് ദുബെ മത്സരത്തില്‍ എറിഞ്ഞത്.
ഈ രണ്ട് നോ ബോളുകള്‍ക്ക് പിന്നാലെ ഒരു മോശം നേട്ടവും ദുബെയുടെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടമാണ് ദുബെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇതുവരെ 62 പന്തുകള്‍ മാത്രമെറിഞ്ഞ താരത്തിന്റെ അഞ്ചാം നോ ബോളാണ് മത്സരത്തില്‍ പിറന്നത്.
(താരം – നോ ബോള്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ആകെ പന്തുകള്‍)
ശിവം ദുബെ – 5 – (62)
ഹര്‍ദിക് പാണ്ഡ്യ – 4 (492)
ആര്‍.പി. സിങ് – 2 (174)
അര്‍ഷ്ദീപ് സിങ് – 2 (408)
ജസ്പ്രീത് ബുംറ – 2 (506)
ആര്‍. അശ്വിന്‍ – 2 (510)
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം നോ ബോള്‍ എറിഞ്ഞതിന്റെ മോശം നേട്ടം നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ മോണി മോര്‍ക്കലിന്റെ പേരിലാണ്. 12 നോ ബോളുകളാണ് തന്റെ വേള്‍ഡ് കപ്പ് കരിയറില്‍ മോര്‍കല്‍ എറിഞ്ഞത്.
നോ ബോളിന്റെ പേരില്‍ മാത്രമല്ല, ഒരു അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മോശം എക്കോണമിയെന്ന അനാവശ്യ നേട്ടവും ദുബെയുടെ പേരില്‍ കുറിക്കപ്പെട്ടു.
ഒരു അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മോശം എക്കോണമി
(താരം – എക്കോണമി – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ശിവം ദുബെ – 23.00 – സീംബാബ്‌വേ – 2026*
ആര്‍. അശ്വിന്‍ – 20.50 – ഓസ്ട്രേലിയ – 2013
രവീന്ദ്ര ജഡേജ – 19.00 – ഓസ്ട്രേലിയ – 2010
അര്‍ഷ്ദീപ് സിങ് – 18.50 – ശ്രീലങ്ക – 2023
പ്രസിദ്ധ് കൃഷ്ണ – 17.00 – ഓസ്ട്രേലിയ – 2023
അതേസമയം, ഷെവ്‌റോണ്‍സിനെതിരായ വിജയം വിന്‍ഡീസിനെതിരെയും ആവര്‍ത്തിച്ച് സെമി ഫൈനലുറപ്പിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇരുവരും രണ്ട് മത്സരത്തില്‍ ഒന്ന് വീതം വിജയിച്ച് ഗ്രൂപ്പില്‍ രണ്ട്, മൂന്ന് സ്ഥാനത്ത് തുടരുകയാണ്.
ഗ്രൂപ്പ് വണ്ണില്‍ നിന്നും സൗത്ത് ആഫ്രിക്ക ഇതിനോടകം തന്നെ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പില്‍ നിന്നും സെമിയില്‍ പ്രവേശിക്കുക. ഒരുപക്ഷേ ഇന്ത്യയുടെ അടുത്ത മത്സരം ഏതെങ്കിലും രീതിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ മികച്ച നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍ പ്രവേശിക്കും.
Content Highlight: Shivam Dube sets an unwanted record of most No Balls in T20 World Cup by an Indian