| Wednesday, 11th March 2026, 8:41 pm

ഇന്ത്യന്‍ കിരീടങ്ങളിലെ നിര്‍ണായക ഇന്നിങ്സുകള്‍; വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ദുബെ മാജിക്‌സ്

ഫസീഹ പി.സി.

മറ്റൊരു ടി – 20 ലോകകപ്പ് കൂടി തങ്ങളുടെ അക്കൗണ്ടിലെത്തിച്ച് ഇന്ത്യന്‍ ടീം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ അമരത്തെത്തിയിരിക്കുകയാണ്. സ്വന്തം മണ്ണില്‍ കിരീടം നേടുകയെന്ന അസുലഭ നിമിഷത്തിനൊപ്പം ചരിത്രത്തിലാദ്യമായി കിരീടം നിലനിര്‍ത്തിയ ടീമെന്ന ഖ്യാതിയും നീലപ്പട തങ്ങളുടെ പേരിൽ എഴുതി കുറിച്ചു.

ഒപ്പം മൂന്ന് ടി – 20 കിരീടങ്ങള്‍ സ്വന്തമാക്കിയ ആദ്യ ടീമെന്ന നേട്ടവും സൂര്യയും സംഘവും സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ വിശ്വവിജയികളായി അവരോധിച്ച് ചരിത്രം സൃഷ്ടിച്ചത്.

ശിവം ദുബെ. Photo: BCCI/x.com

ഈ കിരീടനേട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തൊട്ട് ജസ്പ്രീത് ബുംറ വരെയുള്ള ഓരോ താരങ്ങളും തങ്ങളുടെ സംഭാവന നല്‍കി. ലോകകപ്പ് നേട്ടത്തില്‍ സഞ്ജുവിനെയും ഇഷാന്‍ കിഷനെയും ബുംറയെയും വാഴ്ത്തുമ്പോഴെല്ലാം തഴയപ്പെടുന്ന ഒരാളുണ്ട്. മറ്റാരുമല്ല, ബാറ്റിങ് ഓള്‍ റൗണ്ടറായ ശിവം ദുബെ.

പന്തെടുത്തപ്പോള്‍ അടി വാങ്ങി കൂട്ടിയെങ്കിലും ബാറ്റ് കൊണ്ട് ദുബെ നിര്‍ണായക ഇന്നിങ്സുകള്‍ പുറത്തെടുത്തിരുന്നു. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഫൈനലില്‍ കിവീസിനെതിരെ അവസാന ഓവറുകള്‍ നടത്തിയ വെടിക്കെട്ട്.

18ാം ഓവറില്‍ ക്രീസിലെത്തിയ ദുബെ വെറും എട്ട് പന്തില്‍ അടിച്ചെടുത്തത് 26 റണ്‍സാണ്. അതാകട്ടെ കിവീസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ സമ്മര്‍ദത്തിലായ ഘട്ടത്തിലായിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം. സ്‌കോറിങ് വേഗത കുറഞ്ഞ ടീമിന് സിക്സും ഫോറുമടിച്ഛ് മൊമെന്റം തിരികെ നല്‍കിയത് ഈ ഇന്നിങ്സായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 250 കടക്കുന്നതിലും മുംബൈ ഓള്‍റൗണ്ടറുടെ ഇന്നിങ്‌സായിരുന്നു പ്രധാന കാരണം.

2024 ടി – 20 ലോകകപ്പ് ഫൈനലിൽ ബാറ്റ് ചെയ്യുന്ന ശിവം ദുബെ. Photo: Espncricinfo.com

എന്നാല്‍, ഫൈനലുകളില്‍ ഇത് ആദ്യമായല്ല ദുബെ ഇന്ത്യക്കായി തിളങ്ങുന്നത്. 2024 ടി – 20 ലോകകപ്പിലും 2025 ഏഷ്യാ കപ്പിലും താരം നിര്‍ണായക ഇന്നിങ്സുകള്‍ കാഴ്ച വെച്ചിരുന്നു. 2024 ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയ താരം 16 പന്തുകള്‍ നേരിട്ട് 27 റണ്‍സുമായാണ് തിരികെ നടന്നത്.

ഇതുപോലൊരു ഇന്നിങ്സ് ദുബെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെയും പുറത്തെടുത്തു. 22 പന്തുകളില്‍ 33 റണ്‍സായിരുന്നു അന്ന് ഓള്‍ റൗണ്ടറുടെ സമ്പാദ്യം. ഈ ഇന്നിങ്സുകളെല്ലാം ഇന്ത്യയുടെ കിരീടധാരണത്തിൽ ഏറെ നിര്‍ണായകമായിരുന്നുവെന്നത് പറയാതിരിക്കാന്‍ വയ്യ. എന്നാല്‍, വേണ്ടത്ര അംഗീകാരം താരത്തിന് ലഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം.

Content Highlight: Shivam Dube has three important knocks for India in two T20 World Cups and Asia cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more