| Tuesday, 25th November 2025, 8:40 am

നടനാകാനുള്ള എന്റെ ആഗ്രഹം അനാവശ്യ സ്വപ്‌നമാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് വലിയ രീതിയില്‍ പ്രേക്ഷക സ്വീകാര്യത നേടിയ തെന്നിന്ത്യന്‍ താരമാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി. കേരളത്തിലടക്കം വലിയ ആരാധകരുള്ള നടന്‍ കൂടിയാണ് ശിവ കാര്‍ത്തികേയന്‍.

ഇന്നലെ സൂപ്പര്‍ ഹീറോ എന്ന സിനിമയുടെ ലോഞ്ചിങ് പരിപാടിയില്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചടങ്ങില്‍, നിര്‍മാതാവ് കെ.എസ്. സിനീഷുമായുള്ള തന്റെ ടെലിവിഷന്‍ കാലഘട്ടം മുതലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ സിനീഷിന്റെ ഓഫീസില്‍ ഒപ്പമുണ്ടായിരുന്നു, അന്ന് അദ്ദേഹം സിനിമയില്‍ ഞാന്‍ എന്താകാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. ആ സമയത്ത്, ഞാന്‍ ടെലിവിഷന് അവതാരകനായി ജോലി ചെയ്യുകയായിരുന്നു. അതോടൊപ്പം വേട്ടൈ മന്നനില്‍ അസിസ്റ്റന്റ് ആയും ഒരു ചെറിയ കോമഡി വേഷത്തില്‍ അഭിനയിച്ചിരുന്നു.

ഒരു നായകനാകുക എന്ന യഥാര്‍ത്ഥ അഭിലാഷം ഒന്നും അവിടെ എനിക്കില്ലായിരുന്നു. പക്ഷേ എന്നിട്ടും ഞാന്‍ യാദൃശ്ചികമായി നടനാകാനാണ് ആഗ്രഹമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടനെ ചോദിച്ചു, ‘ശിവാ, എന്തിനാണ് നിങ്ങള്‍ക്ക് ഈ അനാവശ്യ സ്വപ്നം? എന്ന്. എനിക്ക് നല്ല കോമിക് സെന്‍സ് ഉണ്ടെന്ന് തോന്നിയതിനാല്‍ ഒരു കൊമേഡിയനായി തുടരാന്‍ അദ്ദേഹം നിര്‍ദേശിച്ചു,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

തന്നെപ്പോലെ ഒരാള്‍ക്ക് എന്തുകൊണ്ട് നായകനാകാന്‍ കഴിയില്ലെന്ന് അന്ന് താന്‍ വാദിച്ചുവെന്നും വിഷയം അവിടെ അവസാനിക്കുമെന്ന് താന്‍ കരുതിയെന്നും നടന്‍ പറഞ്ഞു. പക്ഷേ സിനീഷ് കോമഡിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും ശിവകാര്‍കത്തികേയന്‍ പറഞ്ഞു. പിന്നീട് താന്‍ ഒരു നായകനായി സിനിമയില്‍ വന്നെന്നും അതിന് ശേഷം അദ്ദേഹം ഞാന്‍ പറഞ്ഞതൊന്നും മനസില്‍ വക്കരുതെന്ന് ഒരിക്കല്‍ തന്നോട് പറഞ്ഞെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മദ്രാസിയാണ് ശിവകാര്‍ത്തികേയന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജനുവരി 14ന് റിലീസ് ചെയ്യാനിരിക്കുന്ന സുധ കൊങ്കരയുടെ പരാശക്തിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് താരം ഇപ്പോള്‍.

Content highlight: Shivakarthikeyan spoke about his relationship with K.S. Sinish from his television days

We use cookies to give you the best possible experience. Learn more