| Sunday, 11th October 2026, 10:15 pm

സീരിയസായി നിന്ന ക്ലൈമാക്‌സ് ഫൈറ്റിനെ കോമഡിയാക്കിയ ട്വിസ്റ്റ്, ശിവജിത്തിന്റെ സെക്കന്‍ഡ് ലുക്കിനെ ഫന്റാസ്റ്റിക് ഫോറുമായി താരതമ്യം ചെയ്ത് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാകുമെന്ന് ആരാധകര്‍ കരുതിയെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാതെ പോയ ചിത്രമായിരുന്നു ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം കഷ്ടിച്ച് ബജറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ഖലീഫയെ ട്രോളന്മാര്‍ ഇതുവരെ എയറില്‍ നിന്ന് താഴെയിറക്കിയിട്ടില്ല.

ജിനു വി. എബ്രഹാമിന്റെ തിരക്കഥയാണ് ഖലീഫയിലെ ഏറ്റവും വലിയ വില്ലനായത്. ഫ്‌ളാറ്റായ, സ്ഥിരം ടെംപ്ലേറ്റ് ഫോളോ ചെയ്യുന്ന കഥയാണ് ചിത്രത്തിന്റേത്. പൃഥ്വിയുടെ ലുക്കും സ്വാഗും വൈശാഖിന്റെ മേക്കിങ്ങും ഖലീഫയെ വാച്ചബിളാക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ പല സീനുകളും ഇതിനോടകം ട്രോള്‍ മെറ്റീരിയലായിരിക്കുകയാണ്.

അത്തരത്തിലൊന്നാണ് ക്ലൈമാക്‌സ് ഫൈറ്റിലെ ട്വിസ്റ്റ് റിവീലിങ്. ജയിലില്‍ വെച്ചുള്ള ഫൈറ്റിന് മുന്നോടിയായി നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിച്ച ഹാരിസ് ബഷീര്‍ പൃഥ്വിരാജിനെ ഞെട്ടിക്കാന്‍ ഒരു കഥാപാത്രത്തെ തിരിച്ചുകൊണ്ടുവരുന്നുണ്ട്. ശിവജിത് അവതരിപ്പിച്ച വിനായകന്‍ എന്ന കഥാപാത്രം മരിച്ചില്ല എന്നറിയിക്കുന്ന ഭാഗം തിയേറ്ററില്‍ കൂട്ടച്ചിരി പടര്‍ത്തിയ ഒന്നായിരുന്നു.

വിനായകന്റെ ഗെറ്റപ്പിനെയാണ് പലരും ട്രോളുന്നത്. ഫന്റാസ്റ്റിക് ഫോറിലെ തിങ്ങുമായിട്ടാണ് ഈ ഗെറ്റപ്പിനെ പലരും താരതമ്യം ചെയ്യുന്നത്. സിനിമയുടെ ഒരു ഘട്ടത്തില്‍ കാര്‍ പൊട്ടിത്തെറിച്ച് വിനായകന്‍ മരിച്ചെന്ന് കാണിക്കുന്നുണ്ട്. അതിന് കാരണക്കാരനാകുന്നത് പൃഥ്വി അവതരിപ്പിച്ച ആമിര്‍ അലിയാണ്. ഇതിനെത്തുടര്‍ന്നാണ് ആമിര്‍ നാടുവിടുന്നത്.

90 ശതമാനവും പൊള്ളലേറ്റ കഥാപാത്രത്തെ കുറച്ച് ടെററായി അവതരിപ്പിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം ഖലീഫയില്‍ പാളി. സീരിയസായി പൊയ്‌ക്കൊണ്ടിരുന്ന സീനിനെ ഈയൊരു കഥാപാത്രത്തിന്റെ എന്‍ട്രി കൊണ്ട് കോമഡിയാക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മേക്കപ്പ്മാന്‍ തന്റെ നൂറ് ശതമാനം കഴിവും പുറത്തെടുത്തെന്ന് ചിലര്‍ പരിഹാസരൂപേണ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.

‘മാര്‍വലിന്റെ ഭാഗമായി നില്‍ക്കുമ്പോഴും മലയാളം പോലൊരും ചെറിയ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ തിങ് കാണിച്ച മനസ് ആരും കാണാതെ പോകരുത്’, ‘ഇതാണ് രാജുവേട്ടന്‍ ഉദ്ദേശിച്ച ഹോളിവുഡ് ലെവല്‍’, ‘സ്‌ക്രീന്‍ മൊത്തം മുളകുപൊടി ഇട്ടതുപോലെ ചുവന്ന നിറത്തിലുള്ള കളര്‍ ഗ്രേഡിങ്ങും ഈ ഗെറ്റപ്പും കൂടിയായപ്പോള്‍ മൊത്തം കോമഡിയായി’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. ചിത്രത്തിലെ മറ്റ് സീനുകളും വരുംദിവസങ്ങളില്‍ ട്രോളന്മാര്‍ വലിച്ചുകീറുമെന്ന് ഉറപ്പാണ്.

Content Highlight: Shivajith’s second look in Khalifa getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more