| Friday, 21st March 2025, 9:50 am

ശിവജിയെ വിമർശിച്ചെന്ന് ആരോപിച്ചുള്ള കേസ്; പത്രപ്രവർത്തകന്റെ മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ശിവജിയെയും സംഭാജിയെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടി നേരിടുന്ന നാഗ്പൂർ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകന് മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോലാപ്പൂർ സെഷൻസ് കോടതി.

നാഗ്പൂർ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ പ്രശാന്ത് കൊരാത്കറിന്റെ മുൻകൂർ ജാമ്യമാണ് കോലാപ്പൂർ സെഷൻസ് കോടതി നിഷേധിച്ചത്. തന്റെ മൊബൈൽ ഫോണിലെ എല്ലാ വിവരങ്ങളും പൊലീസിന് കൈമാറുന്നതിന് മുമ്പ് പത്രപ്രവർത്തകൻ മനഃപൂർവം ഇല്ലാതാക്കിയെന്ന് പറഞ്ഞാണ് കോടതി ജാമ്യം നിഷേധിച്ചത്.

കോലാപ്പൂർ ആസ്ഥാനമായുള്ള ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ശിവജിയെയും സംഭാജിയെയും കുറിച്ച് കൊരാത്കർ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26നാണ് അദ്ദേഹത്തിനെതിരെ കോലാപ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തത്.

പ്രശാന്ത് കൊരാത്കർ

1689ൽ സംഭാജിയെ മുഗളന്മാർ പിടികൂടിയതിനെക്കുറിച്ചും ഛാവ എന്ന സിനിമയെക്കുറിച്ചും ഇന്ദ്രജിത് സാവന്ത് നടത്തിയ പരാമർശങ്ങൾ ഇഷ്ടപ്പെടാതിരുന്ന കൊരാത്കർ സാവന്തിന്റെ വിമർശിച്ചെന്നും ശിവജിയെയും സംഭാജിയെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് കേസ്.

പിന്നാലെ മാർച്ച് ഒന്നിന് കോടതി കൊരാത്കറിന് ഇടക്കാല സംരക്ഷണം നൽകുകയും 48 മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണും സിം കാർഡും നാഗ്പൂർ സൈബർ സെല്ലിന് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ നാഗ്പൂർ സിറ്റിയിലെ സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷണർക്ക് ഫോൺ സമർപ്പിച്ചു, പിന്നീട് ഫോൺ കോലാപ്പൂരിലെ അന്വേഷണ ഉദ്യോഗസ്ഥന് അയച്ചു.

പക്ഷെ ഫോണിലെ എല്ലാ ഡാറ്റയും മായ്ച്ചുകളഞ്ഞതായി ഫോറൻസിക് വിദഗ്ധർ കണ്ടെത്തുകയായിരുന്നു. കൊരാത്കർ തെളിവുകൾ നശിപ്പിച്ചെന്ന് കോടതി വിമർശിച്ചു.

‘അപേക്ഷകൻ സമർപ്പിച്ച ഫോണിൽ ഡാറ്റകൾ ഒന്നുമില്ല. ഇത് തെളിവ് നശിപ്പിക്കുന്നതിന് തുല്യമാണ്. സിം കാർഡ് സഹിതമുള്ള മൊബൈൽ ഫോൺ സമർപ്പിക്കണമെന്ന വ്യവസ്ഥ പ്രതി പാലിച്ചില്ല,’ ജഡ്ജി ഡി.വി. കശ്യപ് നിരീക്ഷിച്ചു.

നശിപ്പിച്ച ഡാറ്റ പുനഃസ്ഥാപിക്കുന്നത് ഫോറൻസിക് സോഫ്റ്റ്‌വെയർ ആവശ്യമുള്ള സങ്കീർണമായ പ്രക്രിയയാണെന്നും അന്വേഷണം പൂർത്തിയാക്കാൻ കൊരാത്കറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യം നിഷേധിക്കുകയായിരുന്നു.

കൊരാത്കറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതി കോലാപ്പൂർ സെഷൻസ് കോടതിയോട് നിർദേശിച്ചിരുന്നു.

Content Highlight: Shivaji remarks case: Journalist denied pre-arrest bail over deleted phone data

We use cookies to give you the best possible experience. Learn more