| Saturday, 3rd May 2025, 9:54 pm

അജിത് പവാറിന്റെ നിയന്ത്രണത്തിലുള്ള ധനവകുപ്പ് 7,000 കോടി രൂപ വകമാറ്റി ചെലവഴിച്ചു: ശിവസേന മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നിയന്ത്രണത്തിലുള്ള ധനവകുപ്പ് സാമൂഹികനീതി വകുപ്പിൽ നിന്ന് 7,000 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി ആരോപണം.

സാമൂഹികനീതി മന്ത്രിയും ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ സഞ്ജയ് ഷിര്‍സാത്താണ് ആരോപണവുമായി രംഗത്തെത്തിയത്. ഉപമുഖ്യമന്ത്രിയും മഹാരാഷ്ട്ര ധനവകുപ്പ് മന്ത്രിയും അവിഭക്ത എന്‍.സി.പി മേധാവിയുമായ അജിത് പവാറിനെതിരെയാണ് ഷിര്‍സാത്തിന്റെ ആരോപണം.

തന്റെ അറിവോട് കൂടിയല്ല ഫണ്ട് വകമാറ്റിയതെന്നും സാമൂഹികനീതി മന്ത്രി പറയുന്നു. സാമൂഹികനീതി വകുപ്പ് കാര്യകക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ വകുപ്പ് അടച്ചുപൂട്ടണമെന്നും സഞ്ജയ് ഷിര്‍സാത്ത് ആവശ്യപ്പെട്ടു.

‘ധനവകുപ്പിന്റെ പ്രവൃത്തി തെറ്റാണ്. ഈ നീക്കത്തെ ഞാന്‍ നിശിതമായി എതിര്‍ക്കുന്നു. ഫണ്ട് വകമാറ്റുന്നത് നിയമപരമല്ല. വിഷയം ഞാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അറിയിക്കും,’ സഞ്ജയ് ഷിര്‍സാത്ത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരത്തെ സാമൂഹ്യനീതി വകുപ്പിന് അനുവദിച്ച 3,960 കോടി രൂപയില്‍ 414.30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായി പ്രതിപക്ഷ നേതാവ് അംബാദാസ് ദാന്‍വെ ആരോപിച്ചിരുന്നു.

കൂടാതെ ലഡ്കി ബഹിന്‍ വനിതാ ക്ഷേമ പദ്ധതിക്കായി ആദിവാസി വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 335.70 കോടി രൂപയും സര്‍ക്കാര്‍ വകമാറ്റിയതായി അംബാദാസ് അവകാശപ്പെട്ടിരുന്നു. ഈ പദ്ധതി അനുസരിച്ച് 21നും 65നും ഇടയില്‍ പ്രായമുള്ള, വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വനിതകള്‍ക്ക് പ്രതിമാസം 1,500 രൂപ ബാങ്ക് മുഖേന ലഭിക്കും.

ഇതില്‍ തിരിമറി നടത്തിയെന്നാണ് യു.ബി.ടി (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ആരോപിച്ചത്. അതേസമയം ഷിന്‍ഡെ വിഭാഗം ശിവസേനയും അജിത് പവാര്‍ വിഭാഗം എന്‍.സി.പിയും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കെയാണ് പുതിയ ആരോപണം.

2024 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ഏതാനും നേതാക്കളുടെ ‘വൈ’ കാറ്റഗറി സുരക്ഷ എടുത്തുകളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് മഹായുതിയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.

ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷയാണ് കൂടുതലായും പിന്‍വലിച്ചത്. 2022ല്‍ ഷിന്‍ഡെ വിഭാഗം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ, അദ്ദേഹത്തോടൊപ്പം സഖ്യത്തിലെത്തിയ 44 എം.എല്‍.എമാര്‍ക്കും 11 എം.പിമാര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

എന്നാല്‍ 2024ല്‍ മന്ത്രിസ്ഥാനമില്ലാത്ത ശിവസേന നേതാക്കളുടെ അടക്കം സുരക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. ബി.ജെ.പിയില്‍ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നുമുള്ള നേതാക്കളുടെ സുരക്ഷയിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു.

Content Highlight: Shiva Sena minister accuses Ajit Pawar-led department of ‘illegal’ fund diversion

We use cookies to give you the best possible experience. Learn more