| Monday, 9th June 2025, 9:38 am

മഹാരാഷ്ട്രയുടെ ക്ഷേമത്തിനായി ആഗ്രഹിക്കുന്ന ഏത് പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: ആദിത്യ താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയുടെയും മറാത്ത സംസാരിക്കുന്നുവരുടേയും അഭിവൃദ്ധിക്കായി നിലകൊള്ളുന്ന ഏത് പാര്‍ട്ടിയുമായും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണന്ന് ആദിത്യ താക്കറെ.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബന്ധുവായ രാജ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എം.എല്‍.എസ്) തമ്മിലുള്ള അടുപ്പം ശക്തമാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആദിത്യ താക്കറെയുടെ പ്രസ്താവന.

‘ ഞങ്ങള്‍ ഇത് സ്ഥിരമായി പറയുന്നതാണ്. മഹാരാഷ്ട്രയുടേയും മറാത്തി സംസരിക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഏത് പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണ്,’ ആദിത്യ താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് മാറ്റം കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അതിനായി പ്രവര്‍ത്തിക്കുന്ന ഏത് പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എന്‍.എസും ശിവസേനയും (ഉദ്ധവ്) തമ്മിലുള്ള സഖ്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ബി.ജെ.പി മുംബൈയേയും മഹാരാഷ്ട്രയേയും വിഴുങ്ങുകയാണെന്ന് ആദിത്യ താക്കറെ ആരോപിച്ചിരുന്നു. അവര്‍ സംസ്ഥാനത്തിനോട് കാണിക്കുന്നത് അനീതിയാണെന്നും ആദ്യത്യ താക്കറെ ആരോപിക്കുകയുണ്ടായി.

മറാത്തികളുടെ താത്പര്യങ്ങല്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കുന്നതിനായി നിസാരമായ പ്രശ്‌നങ്ങള്‍ മാറ്റിവെക്കാന്‍ തയ്യാറാണെന്ന് രാജ് താക്കേറേയും പ്രതികരിച്ചിരുന്നു. സംയുക്ത ശിവസേനയില്‍ നിന്ന് വേര്‍പിരിഞ്ഞാണ് 2006ല്‍ രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ സേന സ്ഥാപിച്ചത്.

ശിവസേന നേതാവായ സഞ്ജയ് റൗട്ടും രണ്ട് കുടുംബാംഗങ്ങളും തമ്മില്‍ ഇത് സംബന്ധിച്ച ഫോണ്‍കോളുകള്‍ നടന്നതായി പറഞ്ഞിരുന്നു. എങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഞ്ജയ് റൗട്ട് തയ്യാറായില്ല.

Content Highlight: Shiv Sena (UBT) is ready to associate with any party who is intersted in working for Maharashtra: Aaditya Thackeray

We use cookies to give you the best possible experience. Learn more