മുംബൈ: മരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശിവാജി പാര്‍ക്കിലെ സ്മാരകം ശിവസേന നീക്കം ചെയ്തു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ബാല്‍ താക്കറെയുടെ താത്ക്കാലിക സ്മാരകം പാര്‍ക്കില്‍ നിന്നും നീക്കം ചെയ്യാന്‍ ആരംഭിച്ചത്.[]
താക്കറെയുടെ സ്മാരകം പാര്‍ക്കില്‍ നിന്നും നീക്കം ചെയ്യണമെന്ന് രണ്ടാഴ്ച്ച മുമ്പ് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിവസേനയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്മാരകം നീക്കം ചെയ്തത്. മറ്റെവിടേക്കെങ്കിലും താക്കറെയുടെ സ്മാരകം പണിയാനാണ് ശിവസേനയുടെ നീക്കം.
താക്കറെയുടെ ശവസംസ്‌കാരം നടത്തിയ ശിവാജി പാര്‍ക്കില്‍ സ്ഥാപിച്ച താത്ക്കാലിക സ്മാരകം നീക്കം ചെയ്യുമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ശിവസേന അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയില്‍ താക്കറെയുടെ സ്മാരകം മറ്റെവിടെയെങ്കിലും മാറ്റുന്നതിനെ കുറിച്ച് സൂചിപ്പിച്ചതിന് പിന്നാലെയാണ് പാര്‍ക്കില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
താക്കറെയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വേണ്ടി മാത്രമാണ് ശിവാജി പാര്‍ക്ക് വിട്ടുനല്‍കിയതെന്നും അവിടെ നിന്നും എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കഴിഞ്ഞാഴ്ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.