മുംബൈ: ശിരോമണി അകാലിദളും ശിവസേനയും തമ്മിലുള്ള സഖ്യത്തിന് സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെയുമായി
അകാലി ദള്‍ നേതാവ് പ്രേം സിംഗ് ചന്തുമാജ്രയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ സംയുക്ത സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
കര്‍ഷക പ്രതിഷേധത്തെക്കുറിച്ചുള്ള നിലപാടും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലിനെക്കുറിച്ചും പ്രതിനിധി സംഘം ചര്‍ച്ച ചെയ്തു. ദേശീയ പ്രശ്‌നങ്ങളില്‍ ബി.ജെ.പിക്കെതിരെ ഇരുപാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നാണ് സൂചന. തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെ നേതാക്കളുമായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
കേന്ദ്രത്തില്‍ എന്‍.ഡി.എയ്‌ക്കെതിരെ സംയുക്ത രാഷ്ട്രീയ മുന്നണി ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മുന്നണി രൂപീകരിക്കാന്‍ ചന്തുമാജ്രയുടെ നേതൃത്വത്തിലുള്ള എസ്.എ.ഡിയുടെ പ്രതിനിധി സംഘം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമത ബാനര്‍ജിയെ ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നു.
മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”എന്‍.ഡി.എ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിനെതിരെ നാം ഒത്തുചേരേണ്ടതുണ്ടെന്നാണ് എല്ലാ പ്രാദേശിക പാര്‍ട്ടികളും കരുതുന്നത്. ഫെഡറല്‍ ഘടനയ്‌ക്കെതിരായ ആക്രമണം ഒഴിവാക്കാന്‍ ഇത് സമയത്തിന്റെ ആവശ്യകതയാണ്,” എന്നാണ് ചന്തുമാജ്ര പറഞ്ഞത്. സംയുക്ത മുന്നണി വേണമെന്ന ആവശ്യം പ്രാദേശിക പാര്‍ട്ടികള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അകാലി ദള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബിജു ജനതാ ദള്‍ നേതാക്കളെയും സന്ദര്‍ശിച്ചിരുന്നു. മുന്നണി രൂപീകരണത്തെ കുറിച്ചുള്ള സംയുക്ത പ്രസ്താവന ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Shiromani Akali Dal’s delegation met Maharashtra chief minister and Shiv Sena president Uddhav Thackeray