| Saturday, 24th May 2025, 6:42 pm

അറബിക്കടലില്‍ കപ്പലപകടം; വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍മൈല്‍ അകലെ ചെരിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരിഞ്ഞതായി വിവരം. കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ചരിഞ്ഞത്. കപ്പല്‍ കാറ്റില്‍ ചരിഞ്ഞതായും അപ്പോള്‍ കപ്പലിലുണ്ടായിരുന്ന കണ്ടെയിനറുകള്‍ മറിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും വിവരമുണ്ട്.

കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേരെ രക്ഷപ്പെട്ടതായും 15 പേര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്നും വിവരമുണ്ട്. 24 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നുമാണ് വിവരം.

കേരള തീരത്തിനകലെ അറബിക്കടലില്‍ കപ്പലില്‍ നിന്നും കാര്‍ഗോ അറബി കടലില്‍ പതിച്ചതായി നേരത്തെ വിവരം വന്നിരുന്നു. അപകടകരമായ വസ്തുക്കള്‍ അടങ്ങുന്ന കാര്‍ഗോയാണ് കടലില്‍ പതിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

കേരള തീരത്തേക്ക് കാര്‍ഗോ വന്നടിയാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അല്‍പസമയം മുമ്പ് കോസ്റ്റ് ഗാര്‍ഡില്‍ നിന്നും മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

തീരപ്രദേശത്ത് താമസിക്കുന്നവര്‍ ഇത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള കാര്‍ഗോ തീരത്ത് അടിയുന്നത് കണ്ടാല്‍ പൊലീസിനെയോ അധികൃതരെയോ അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്. 112 എന്ന നമ്പറില്‍ വിളിച്ചറിയിക്കാനും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എണ്ണപ്പാട പോലെ എന്തെങ്കിലും കാണുകയോ കടലില്‍ എണ്ണമയമുള്ളതായി കാണുകയോ ചെയ്താല്‍ അത് സ്പര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്. കണ്ടെയിനറിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും തീരത്ത് വന്നടിയുന്ന ഒരു വസ്തുവും സ്പര്‍ശിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വടക്കന്‍ കേരളതീരത്തിലേക്ക് അടിയാനാണ് സാധ്യതയെന്നും ഇതില്‍ മാറ്റമുണ്ടാവാമെന്നും കേരള ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Content Highlight: Shipwreck in the Arabian Sea; The ship that left Vizhinjam port capsized 38 nautical miles off the coast of Kochi

Latest Stories

We use cookies to give you the best possible experience. Learn more