കോഴിക്കോട്: ബേപ്പൂര്‍ തീരത്തിന് സമീപം തീപ്പിടിച്ച കപ്പലിലെ ഇന്ധന ടാങ്കിലെ ആദ്യ ചോർച്ച അടച്ചു. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ചയാണ് അടച്ചത്. തീ അണക്കാൻ ഹെലികോപ്ടറിൽ നിന്നും രാസവസ്തുവായ ഡ്രൈ കെമിക്കൽ പൗഡർ വിതറുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കഠിനശ്രമമാണ് നിർണായകമായൊരു ഘട്ടത്തിലെത്തിയിരിക്കുന്നത്. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച പൂർണമായും അടച്ചിരിക്കുകയാണ്. പരമാവധി വേഗത്തിൽ തീയണക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നന്ദസാരഥി എന്ന കപ്പൽ കൂടി ഇന്ന് തീയണക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാകും. ഇതിടെ ഏഴ് കപ്പലുകൾ തീപിടിച്ച കപ്പലിന് ചുറ്റുമുണ്ട്.
ബേപ്പൂര്‍ തീരത്തിന് സമീപം തീപിടിച്ച കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും തുടരുകയായിരുന്നു. കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട്. തായ്‌വാന്‍ സ്വദേശികളായ രണ്ട് പേരേയും ഇന്തോനേഷ്യ, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരെയുമാണ് കാണാതായിരിക്കുന്നത്. 18 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ബേപ്പൂര്‍ തീരത്തിന് സമീപം വാന്‍ഹായ് 503 എന്ന സിങ്കപ്പൂര്‍ മദര്‍ഷിപ്പിന് തീപ്പിടിച്ചത്. അപകടത്തെ തുടര്‍ന്ന് കപ്പലിലെ നിരവധി കണ്ടെയ്‌നറുകള്‍ കപ്പലില്‍ പതിച്ചിരുന്നു. കപ്പല്‍ ഇതുവരെ പൂര്‍ണമായി മുങ്ങിയിട്ടില്ല. എന്നാല്‍ അപകടകരമായ പല വസ്തുക്കളും കപ്പലിലുണ്ടെന്നത് ആശങ്ക പരത്തുന്നുണ്ട്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപ്പിടിച്ചത്. 2005ലാണ് അപകടത്തില്‍പ്പെട്ട കപ്പല്‍ നിര്‍മിച്ചത്. ഒരു മാസത്തിനിടെ അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ ചരക്ക് കപ്പലാണിത്.
Content Highlight: Ship catches fire off Beypore coast; First leak in fuel tank plugged