| Wednesday, 11th June 2025, 2:16 pm

കപ്പലിലെ തീപ്പിടുത്തം; എണ്ണപ്പാട ഭീഷണിയുണ്ടെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടിച്ച സംഭവത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബേക്കല്‍ മുതല്‍ കൊച്ചി വരെയുള്ള തീരക്കടലില്‍ എണ്ണപ്പാട ഭീഷണിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കത്തുന്ന കപ്പലില്‍ നിന്ന് ഇരുപതിനായിരം എം.ടി ഫര്‍ണസ് ഓയില്‍ കടലില്‍ പരക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും സംയുക്ത സംരംഭമായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എണ്ണയ്‌ക്കൊപ്പം ഡീസലും കടലില്‍ പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കടലൊഴുക്കിന്റെ ഭാഗമായി മൂന്ന് കിലോ മീറ്റര്‍ വീതിയില്‍ കടലില്‍ എണ്ണപാട പരക്കുമെന്നാണ് ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ പറയുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ഓഷ്യന്‍ റിഫോര്‍മേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം ബേപ്പൂര്‍ തീരത്തിന് സമീപം തീപിടിച്ച കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും തുടരുകയാണ്. കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട്. തായ്‌വാന്‍ സ്വദേശികളായ രണ്ട് പേരേയും ഇന്തോനേഷ്യ, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരെയുമാണ് കാണാതായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബേപ്പൂര്‍ തീരത്തിന് സമീപം വാന്‍ഹായ് 503 എന്ന സിങ്കപ്പൂര്‍ മദര്‍ഷിപ്പിന് തീപ്പിടിച്ചത്. അപകടത്തെ തുടര്‍ന്ന് കപ്പലിലെ നിരവധി കണ്ടെയ്‌നറുകള്‍ കപ്പലില്‍ പതിച്ചിരുന്നു. കപ്പല്‍ ഇതുവരെ പൂര്‍ണമായി മുങ്ങിയിട്ടില്ല. എന്നാല്‍ അപകടകരമായ പല വസ്തുക്കളും കപ്പലിലുണ്ടെന്നത് ആശങ്ക പരത്തുന്നുണ്ട്.

കോഴിക്കോട് തീരത്ത് നിന്ന് 144 കീലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപ്പിടിച്ചത്. 2005ലാണ് അപകടത്തില്‍പ്പെട്ട കപ്പല്‍ നിര്‍മിച്ചത്. ഒരു മാസത്തിനിടെ അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ ചരക്ക് കപ്പലാണിത്.

Content Highlight: ship accident near Beypore;  Oil spill concerns; Centre’s warning to Kerala

We use cookies to give you the best possible experience. Learn more