| Wednesday, 11th June 2025, 2:47 pm

കൊച്ചിയിലെ കപ്പൽ അപകടം; കപ്പലിനെതിരെ കേസെടുത്ത് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി തീരത്തിനകലെ അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ ത്രീ കപ്പലിനെതിരെ കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്.

‌കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 282, 285, 286, 287, 288 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന കുറ്റവും ഉദാസീനമായി പ്രവർത്തിച്ചുവെന്നും അപകടരമായ വസ്തുക്കൾ ഉണ്ടായിട്ടും മനുഷ്യജീവന് ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്തുവെന്ന കുറ്റവും പ്രതികൾക്കെതിരെ ചുമത്തി. കപ്പൽ പാതയിൽ തടസമുണ്ടാക്കി, റാഷ് നാവി​ഗേഷൻ, തീയോ തീപിടിക്കുന്ന വസ്തുവോ ഉപയോ​ഗിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുക തു‌ടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് കൊച്ചി തീരത്തിനകലെ കപ്പൽ അപകടത്തിൽപ്പെ‌ട്ടത്. വിഴി‍ഞ്ഞത്ത് നിന്നും പോകുന്ന വഴിയായിരുന്നു അപകടം. 470 ഓളം കണ്ടെയിനറുകളടങ്ങിയ കപ്പലായിരുന്നു മുഴുവനായും കടലിൽ മുങ്ങിയത്.

37ലധികം കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാര്‍ഗോകള്‍ കേരളതീരത്ത് അടിയാനാണ് സാധ്യതയെന്നും അങ്ങനെയുണ്ടായാല്‍ ജനങ്ങള്‍ കാര്‍ഗോയുടെ അടുത്തേക്ക് പോകുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. പിന്നാലെ കരക്കടിഞ്ഞ കണ്ടെയ്‌നര്‍ നീക്കുന്നതിനിടെ തീപ്പിടുത്തമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊച്ചി തീരത്തിനകലെ അറബിക്കടലില്‍ എം.എസ്.സി എല്‍സ-ത്രി കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഈ അപകടമുണ്ടാക്കിയ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

Content Highlight: Ship accident in Kochi; Fort Kochi Coastal Police registers case against ship

Latest Stories

We use cookies to give you the best possible experience. Learn more