| Tuesday, 4th November 2025, 11:59 am

കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ഷൈനി മാത്യു യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷനിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി യു.ഡി.എഫ്.

ഷൈനി മാത്യുവായിരിക്കും യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നായിരിക്കും ഇവര്‍ മത്സരിക്കുകയെന്നാണ് അറിയുന്നത്.

യു.ഡി.എഫിന് ഇതുവരെ പശ്ചിമ കൊച്ചിയില്‍ (മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, പെരുമ്പടപ്പ്, ഇടകൊച്ചി, പള്ളുരുത്തി) നിന്ന് ഒരു മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല. ഷൈനി മാത്യു ഫോര്‍ട്ട് കൊച്ചി സ്വദേശിയും ക്രൈസ്തവ സഭയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയുമാണ്.

മുമ്പ് സൗമിനി ജയിന്‍ കൊച്ചി മേയറായിരുന്ന സമയത്ത് രണ്ടര വര്‍ഷം സൗമിനി ജയിനും രണ്ടര വര്‍ഷം ഷൈനി മാത്യുവുനേയുമായിരുന്നു പരിഗണിച്ചിരുന്നത്.

എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സൗമിനി ജയിന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. യു.ഡി.എഫ് നേതൃത്വം ഇടപെട്ടെങ്കിലും ഇങ്ങനെ ഒരു കരാര്‍ ഇല്ലെന്നായിരുന്നു സൗമിനി ജയിന്‍ അവകാശപ്പെട്ടത്. മേയര്‍ ആകാന്‍ യോഗ്യതയുണ്ടായിട്ടും അന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിട്ടാണ് ഷൈനി മാത്യു തുടര്‍ന്നത്. അതുകൊണ്ടുതന്നെ ഇത്തവണ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഷൈനി മാത്യുവിനെ പരിഗണിക്കാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് സൂചന.

നിലവില്‍ ഫോര്‍ട്ട് കൊച്ചി കോണ്‍ഗ്രസിന്റെ ഒന്നാം വാര്‍ഡും സിറ്റിങ് സീറ്റുമാണ്. കോണ്‍ഗ്രസ് നേതാവായ ആന്റണി കുരിയത്തറയാണ് ഇപ്പോള്‍ കൗണ്‍സിലര്‍. ഇതേ വാര്‍ഡില്‍ തന്നെയാണ് ഷൈനിയും മത്സരിക്കുന്നത്. ദീപ്തി മേരി വര്‍ഗീസ്, മിനിമോള്‍, മാലിനി തുടങ്ങിയ വ്യക്തികളെ മറികടന്നാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഷൈനിയുടെ പേര് ഉയര്‍ന്നുവന്നത്.

Content Highlight: Shiny Mathew is the UDF’s mayoral candidate in Kochi

We use cookies to give you the best possible experience. Learn more