| Monday, 21st July 2025, 12:47 pm

എന്നെ മറന്നുപോയോ, സൗബിനെന്താ ഈ സിനിമയില്‍ എന്ന് ചിന്തിച്ചു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് മീശ.വികൃതി സംവിധാനം ചെയ്ത എം.സി ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ഇപ്പോള്‍ തനിക്ക് നല്ല സിനിമകള്‍ സംഭവിച്ചിട്ടുള്ളത് സംവിധായകര്‍ കാരണമാണെന്ന് ഷൈന്‍ പറയുന്നു. എം.സി ജോസഫ് ആദ്യമായി സിനിമ ചെയ്യുന്നതിന് മുമ്പ് പെട്ടി എന്നൊരു ഷോര്‍ട് ഫിലിം ചെയ്തിട്ടുണ്ടെന്നും ഇതിന്റെ സെറ്റ് ഒരു സിനിമയുടെ പ്രൊഡക്ഷന്‍ പോലെതന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഷോര്‍ട് ഫിലിമിന്റെ ഡബ്ബിങ്ങും ലോഞ്ചുമൊക്കെ തന്നെ സിനിമ സ്‌റ്റൈലില്‍ ആയിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.

ജോസഫിന്റെ ഒരു സിനിമ തനിക്ക് കിട്ടുമെന്ന് പിന്നീട് പ്രതീക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകന്റെ വികൃതി എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ സുരാജിനെയും സൗബിനെയുമാണ് കണ്ടതെന്നും സൗബിനെങ്ങനെ ഇവിടെ വന്നുവെന്ന് താന്‍ ചിന്തിച്ചുവെന്നും ഷൈന്‍ പറഞ്ഞു. ദി നെക്സ്റ്റ് ഫോര്‍ട്ടീന്‍ മിനിറ്റ്‌സില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.

‘സിനിമയുടെ സംവിധായകര്‍ വിളിച്ച് തന്നിട്ടുള്ള പടങ്ങള്‍ കാരണമാണ് നല്ല സിനിമകള്‍ എനിക്ക് സംഭവിച്ചിട്ടുള്ളത്. അല്ലാതെ നമ്മളായിട്ട് ഹോം വര്‍ക്ക് ചെയ്തിട്ടോ ചൂസ് ചെയ്തിട്ടോ അല്ല. എം.സി (എം.സി ജോസഫ്)യുടെ കേസില്‍ ഈ പടം ചെയ്യുന്നതിന് മുമ്പേ പെട്ടി എന്നൊരു ഷോര്‍ട് ഫിലിം ചെയ്തിട്ടുണ്ട്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഒരു സിനിമ ചെയ്യുന്നത് പോലെ തന്നെയൊരു പരിപാടിയായിരുന്നു. അതുകൊണ്ട് ക്വാളിറ്റി ഉണ്ടാകുമെന്ന് മനസിലായി.

പിന്നീട് അതിന്റെ ഡബ്ബിങ്ങിനും ലോഞ്ചിനുമൊക്കെ വന്നപ്പോഴും അതൊരു സിനിമയുടെ സ്റ്റൈലില്‍ തന്നെയാണ് ലോഞ്ച് ചെയ്യപ്പെടുന്നത്. ജോസഫിന്റെ ഒരു പടം കിട്ടുമെന്നത് പിന്നീട് ഞാന്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. അതുകഴിഞ്ഞ് വികൃതി എന്ന പടം വന്ന സമയത്ത് ഞാന്‍ നോക്കുമ്പോള്‍ പടത്തില്‍ സൗബിനും സുരാജും. എന്നെ മറന്നുപോയതാണോ (ചിരി)സൗബിന്‍ എന്താ ഇതില് എന്നൊക്കെ വിചാരിച്ചു. സിനിമയില്‍ സൗബിന്റെ കഥാപാത്രമാണ് വീഡിയോ ഷൂട്ട് ചെയ്ത് പുറത്തുവിടുന്നത്. അത്രയും മോശം കഥാപാത്രമാണ് അതുകാരണമാണ് എന്നെ വിളിക്കാത്തത് എന്ന് ആലോചിച്ച് സമാധാനിച്ചു,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

Content Highlight: Shine tom says he wondered why Soubin was in the movie Vikrithi

We use cookies to give you the best possible experience. Learn more