| Friday, 25th July 2025, 7:31 pm

എത്ര ശ്രമിച്ചിട്ടും ഭാഷ ശരിയായില്ല, ആ തെലുങ്ക് സിനിമയുടെ സെറ്റില്‍ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തി ഇന്ന് മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തേക്കെത്തിയ ഷൈന്‍ ഗദ്ദാമയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഷൈന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഷൈന്‍ ടോം ഭാഗമായി ഈ വര്‍ഷം തിയേറ്റിലെത്തിയ ചിത്രമായിരുന്നു ഡാക്കു മഹരാജ്. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ചിത്രത്തില്‍ സ്റ്റീഫന്‍ രാജ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്. തെലുങ്കില്‍ താരത്തിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

സെറ്റിലെത്തിയ ആദ്യദിവസം താന്‍ ബാലകൃഷ്ണയുടെ കഥാപാത്രത്തെ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയെത്തുന്ന സീനായിരുന്നു ഷൂട്ട് ചെയ്തതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വളരെ ലെങ്തിയായിട്ടുള്ള ഡയലോഗായിരുന്നു ആ സീനിലെന്നും എന്നാല്‍ ഉച്ചയായപ്പോഴേക്ക് താന്‍ ആകെ ക്ഷീണിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ദി നെക്‌സ്റ്റ് 14 മിനിറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാലയ്യയുടെ സിനിമയില്ലേ, ഡാക്കു മഹാരാജ്. അതിന്റെ ഷൂട്ട് നല്ല രസമായിരുന്നു. ഞാന്‍ ആ പടത്തില്‍ ജോയിന്‍ ചെയ്ത ആദ്യത്തെ ദിവസം ഷൂട്ട് ചെയ്ത സീന്‍ എനിക്ക് നല്ല ഓര്‍മയുണ്ട്. ബാലയ്യയുടെ ക്യാരക്ടര്‍ ഒളിവില്‍ താമസിക്കുന്ന വീട്ടിലെത്തിയിട്ട് പുള്ളിയെ അവിടന്ന് കൊണ്ടുപോകുന്ന സീനാണ്. ബാലയ്യക്ക് അധികം ഡയലോഗില്ല. എനിക്കാണ് ഫുള്‍ ഡയലോഗ്.

‘മാമാ, ഇവിടെയായിരുന്നു ഇത്രയും കാലം താമസിച്ചത്. അവിടന്ന് ആരോടും പറയാതെ പോയതില്‍ മാമിക്ക് സങ്കടമുണ്ട്’ എന്നൊക്കെയാണ് തെലുങ്കില്‍ ഡയലോഗ്. ഇതെല്ലാം ലൗഡായി പറഞ്ഞിട്ട് ബാലയ്യയുടെ അടുത്തെത്തിയ ശേഷം പുള്ളിയോട് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നു. ഇത്രയുമാണ് സീനിലുള്ളത്. ഇത് നാലഞ്ച് ടേക്ക് പോയി.

ഉച്ചയായപ്പോഴേക്ക് ഞാന്‍ വല്ലാതെ ടയേഡായി. ഈ പടം നമുക്ക് പറ്റൂല എന്ന് വിചാരിച്ച് പോകാമെന്ന് തീരുമാനിച്ചു. ഡയറക്ടറുടെ അടുത്ത് ചെന്നിട്ട് ‘എനിക്ക് ഈ ലാംഗ്വേജ് കറക്ടായിട്ട് കിട്ടുന്നില്ല. ഞാന്‍ ഒഴിവാകുകയാണ്’ എന്ന് പറഞ്ഞു. ‘ഡയലോഗ് ഡെലിവറി ഡബ്ബിങ്ങില്‍ നോക്കാം, നിങ്ങളുടെ ആക്ഷനെല്ലാം അടിപൊളിയായിട്ടുണ്ട്’ എന്ന് ഡയറക്ടര്‍ പറഞ്ഞു. അത് എനിക്ക് കോണ്‍ഫിഡന്‍സ് തന്നു,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko shares the experience of Daaku Maharaaj movie

We use cookies to give you the best possible experience. Learn more