| Sunday, 27th July 2025, 4:38 pm

അന്ന് നിത്യക്ക് അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ വന്ന ഈ സിനിമ അന്ന് കുറച്ച് പുതുമുഖങ്ങളെ വെച്ചാണ് കമല്‍ ഒരുക്കിയത്. രജത് മേനോന്‍, അക്ഷ പര്‍ദാസാനി, മുക്ത ജോര്‍ജ്ജ്, റഹ്‌മാന്‍ തുടങ്ങിയയവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ നിത്യ മേനോനെ ഓഡിഷന്‍ ചെയ്യാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. തുടക്കത്തില്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത് കൊണ്ട് തന്നെ അന്ന് ഷൈന്‍ ഓഡിഷനുകള്‍ക്ക് പോയിരുന്നു.

‘നിത്യയേ ഞാന്‍ ആദ്യം കാണാന്‍ പോകുന്നത് ഗോള്‍ എന്ന് സിനിമയ്ക്കു വേണ്ടിയാണ്. അപ്പോള്‍ മണിപ്പാലില്‍ അവള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്. നിത്യയെ ഓഡിഷന്‍ ചെയ്ത് വരാന്‍ അന്ന് എന്നെയാണ് കമല്‍ സാര്‍ പറഞ്ഞയച്ചത്,’ഷൈന്‍ പറയുന്നു.

ആ സമയത്ത് നിത്യക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു താത്പര്യവുമുണ്ടായിരുന്നില്ലെന്നും കുറച്ച് അക്കാദമിക് ആയി മുന്നോട്ട് പോകാനും, ജോലി ചെയ്യാനുമൊക്കെയായിരുന്നു താത്പര്യമായിരുന്നതെന്നും നടന്‍ പറയുന്നുണ്ട്.

‘എന്നാല്‍ നിത്യ സിനിമയില്‍ എത്തിപ്പെട്ടു. അവര്‍ക്കിപ്പോള്‍ നമ്മളെക്കാള്‍ കൂടുതല്‍ റീച്ച് കിട്ടി. നമ്മള്‍ ആഗ്രഹിച്ചിട്ടും, അല്ലെങ്കില്‍ ശ്രമിച്ചിട്ട് എത്തിപ്പെടാന്‍ കഴിയാത്ത ഏരിയയിലേക്ക് നിത്യ എത്തി,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. 2021ല്‍ റിലീസായ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിത്യ സ്വന്തമാക്കിയിരുന്നു.

Content Highlight: Shine Tom Chacko shares his experience of going to audition for Nithya Menon 

We use cookies to give you the best possible experience. Learn more