| Wednesday, 9th July 2025, 11:19 am

ദ ഷോ മസ്റ്റ് ഗോ ഓണ്‍; നമ്മള്‍ മുന്നോട്ട് തന്നെ പോകണം, പിന്നിലേക്കല്ല: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഷൈന്‍ ടോം ചാക്കോ. ഈയിടെ ബെംഗളൂരുവിലേക്ക് പോകുന്ന വഴി ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന വണ്ടി അപകടത്തില്‍ പെട്ടിരുന്നു. ആ അപകടത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ചാക്കോ അന്തരിക്കുകയും ഷൈനിന് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സൂത്രവാക്യം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വണ്‍ 2 ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയാണ് ഷൈന്‍. പരിക്കുകള്‍ പൂര്‍ണമായും ഭേദമാകാതെ തന്നെയാണ് നടന്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വന്നത്.

‘ഒരു സിനിമ വരുമ്പോള്‍ അത് എല്ലാവരുടെയും കൂടിയാണല്ലോ. ആ സിനിമയിലേക്ക് നമ്മള്‍ ഇന്‍ ആവുന്നതോടെ അത് നമ്മളുടേതായി മാറും. പിന്നെയത് വേറെ ആളുടേതല്ല, നമ്മുടെ സിനിമയാകും. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അതുകൊണ്ട് തന്നെ ആ സിനിമക്ക് വേണ്ടി നമ്മളാണ് മുന്നിട്ട് ഇറങ്ങേണ്ടത്. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന് പറയുന്നത് പോലെയാണ്. നമ്മള്‍ മുന്നോട്ട് തന്നെ പോയി കൊണ്ടിരിക്കണം. പിന്നിലേക്ക് പോകാന്‍ ആവില്ല.

മുന്നോട്ട് പോകാന്‍ എല്ലാവരും ഒരുമിച്ച് മുന്നിലേക്ക് തന്നെ നടക്കണം അല്ലെങ്കില്‍ തള്ളണം. മുന്നോട്ട് പോകാന്‍ നമ്മള്‍ തന്നെ ഇറങ്ങി നടക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് സ്റ്റക്കായി നിന്നു പോകും.

ഇത് പ്രൊഡ്യൂസറിന്റെ സിനിമയാണെന്നോ സംവിധായകന്റെ സിനിമ ആണെന്നോ പറഞ്ഞിരുന്നിട്ട് കാര്യമില്ല. ചെറിയ കഥാപാത്രമാണ് ചെയ്യുന്നതെങ്കിലും അഞ്ച് മിനിട്ടിന്റെ കഥാപാത്രമാണെങ്കിലും അത് നമ്മുടെ സിനിമ തന്നെയാണ്. അതുകൊണ്ട് നമ്മള്‍ തന്നെ അതിനൊപ്പം ഇറങ്ങി സഞ്ചരിക്കണം,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.


Content Highlight: Shine Tom Chacko says The show must go on, no matter what the challenges are

We use cookies to give you the best possible experience. Learn more