സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള‘ ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. എന്തുകൊണ്ടാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് കൊടുക്കാത്തതെന്ന് സെൻസർ ബോർഡിനോട് അല്ലേ ചോദിക്കേണ്ടതെന്ന് പ്രതികരിച്ച ഷൈൻ ടോം ചാക്കോ താൻ പ്രതികരിച്ചതുകൊണ്ട് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ലെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത്. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അതൊരു സംസ്‌കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?
ഇന്ത്യയിലുള്ള, ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ. ഞാൻ പ്രതികരിച്ചതുകൊണ്ട് അവർ സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ല. ഈ പ്രശ്നങ്ങളും തീരില്ല. എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കിൽ അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ,’ ഷൈൻ പറഞ്ഞു.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രം കഴിഞ്ഞമാസം 27ാം തിയതി റിലീസ് ചെയ്യാനിരിക്കവെ ചിത്രത്തിൻ്റെയും പ്രധാന കഥാപാത്രത്തിൻ്റെയും പേരായ ജാനകി മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ നിർദേശം.
ഇക്കാര്യം വാക്കാൽ പറഞ്ഞ സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയില്ല. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന നിർമാതാക്കൾ തുടർന്ന് നിർമാതാക്കൾ ഹൈക്കോടതി സമീപിക്കുകയും അവരുടെ അഭ്യർത്ഥനയെത്തുടർന്ന് കേസ് പരിഗണിക്കുന്ന ബെഞ്ച് സിനിമ കണ്ടിരുന്നു.
Content Highlight: Shine Tom Chacko Responds to Suresh Gopi’s Cinema JSK Controversy