| Thursday, 24th April 2025, 8:19 am

വിൻസി പറ‌ഞ്ഞതെല്ലാം നൂറ് ശതമാനം ശരി, ഷൈൻ ടോം എന്നോടും മോശമായി പെരുമാറി: ആരോപണവുമായി പുതുമുഖ നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി പുതുമുഖനടി. നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെയാണ്  നടിയും ആരോപണവുമായെത്തിയിരിക്കുന്നത്. വിൻസി അലോഷ്യസിന്റെ പരാതി നടി ശരിവെക്കുന്നുമുണ്ട്.

സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐ.സി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

തൻ്റെ പരാതിയിൽ ഇന്റേണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്‌ട്രേലിയയിൽ കഴിയുന്ന നടി പറഞ്ഞു. ‘വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്.

അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നു,’ നടി പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റിക്ക് നടി വിൻസി അലോഷ്യസ് മൊഴി നൽകിയിരുന്നു. നടനെതിരെ നിയമ നടപടിക്ക് ഇല്ലെന്ന നിലപാട് വിൻസി ആവർത്തിക്കുകയും ചെയ്തിരുന്നു. ഇന്റേണൽ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളിൽ തൃപ്തിയുണ്ടെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിൻസി അലോഷ്യസിന്റെ പരാതി.

Content Highlight: Shine Tom Chacko misbehaved with me, everything Vince said is 100 percent true:  actress alleges

We use cookies to give you the best possible experience. Learn more